കോതമംഗലം: നേര്യമംഗലം പാലത്തിനടിയിൽ പെരിയാർ തീരത്ത് പ്രളയത്തെത്തുടർന്നു രൂപപ്പെട്ട മണൽതീരത്ത് വിനോദത്തിനെത്തുന്നവരുടെ തിരക്ക് വർധിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പെരിയാർതീരത്തിന്റെ ഭംഗി ആസ്വദിക്കാനെത്തുന്നത്.
അവധി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ കുടുംബസമേതം ധാരാളം പേർ പുതിയ മണൽ തീരം കാണാനും ആസ്വദിക്കാനും എത്തുന്നുണ്ട്. ഐസ്ക്രീം കടകളുൾപ്പെടെ ഇവിടെ സ്ഥാനംപിടിച്ചു കഴിഞ്ഞു. തണുത്ത കാറ്റും പെരിയാറിന്റെയും വനത്തിന്റെയും സൗന്ദര്യവും ആകർഷണീയമാണ്.
സോഷ്യൽ മീഡിയയിലുൾപ്പെടെ നേര്യമംഗലത്ത് പെരിയാർ തീരത്ത് ഉടലെടുത്ത മണൽ തീരം സ്ഥാനം പിടിച്ചതോടെ ദൂരെ സ്ഥലങ്ങളിൽനിന്ന് ഉൾപ്പെടെ ആളുകൾ ഇവിടെക്കെത്തി തുടങ്ങിയിട്ടുണ്ട്. നാട്ടുകാരും ഏറെ കൗതുകത്തോടെ പുതിയ കാഴ്ച കാണാനെത്തുന്നുണ്ട്. തിരക്ക് വർധിച്ചതോടെ പോലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴും പെരിയാറിൽ ശക്തമായ ഒഴുക്കുള്ളതിനാലും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതിനാലും ഇവിടെയെത്തുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്. സാമൂഹ്യവിരുദ്ധരെയും കരുതിയിരിക്കണമെന്നാണ് പോലീസ് പറയുന്നത്. മദ്യപാനത്തിനായി ആരെങ്കിലും എത്തിയാൽ അവരെ പിടികൂടാൻ പോലീസും നാട്ടുകാരും നിരീക്ഷണത്തിനുണ്ട്.
ആസ്വാദകർ കൂടുതലായെത്തുന്നുണ്ടെങ്കിലും ഈ മണൽ തീരത്തിന്റെ ആയുസ് വളരെ ചുരുങ്ങിയ നാളുകളെ ഉണ്ടാകു. ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ അടയ്ക്കുന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയരും. ഇതോടെ ഈ തീരം വെള്ളത്തിനടിയിലാകും. അതുകൊണ്ടുതന്നെ പെരിയാറിലെ ഈ മണൽതീരത്തിന്റെ സൗന്ദര്യം അധിക നാളുകൾ ആസ്വദിക്കാനാവില്ല.