മുക്കം: ലോക്ക്ഡൗൺ സമയത്തും മണൽ വാരൽ ശക്തമായതോടെ മുക്കം പോലിസ് കടവുകൾ കല്ലിട്ട് അടച്ചു. കാരശേരി, ചെറുവാടി കടവുകളിൽ ഇരുട്ടിന്റെ മറവിൽ മണൽ വാരൽ രൂക്ഷമായതോടെയാണ് നടപടി.
ലോക്ക്ഡൗണിന്റെ മറവിൽ കാരശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ കടവുകളിൽ രാത്രി കാലങ്ങളിൽ വ്യാപകമായി മണൽവാരൽ നടക്കുന്നതായി ജില്ലാ പോലിസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
തുടർന്ന് കടവുകളിൽ പരിശോധന ശക്തമാക്കുകയും കഴിഞ്ഞദിവസം ഒരു ലോറി ചെറുവാടി കടവിൽ നിന്ന് പിടികൂടുകയും ചെയ്തിരുന്നു.
എന്നിട്ടും മണൽവാരലിന് യാതൊരു കുറവും ഇല്ലാതായതോടെയാണ് ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നിർദേശ പ്രകാരം കാരശേരി പഞ്ചായത്തിലെ കാരശേരി കടവും
കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി കടവും ജനങ്ങൾക്ക് ഉപദ്രവമില്ലാത്ത രീതിയിൽ പോലീസ് ഇന്നലെ കല്ലിട്ടടച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യം മുതലെടുത്താണ് അനധികൃതമായി രാത്രി കാലങ്ങളിൽ മണൽ കടത്ത് നടത്തുന്നതെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
മുക്കം എസ്ഐ കെ. രാജീവൻ, എഎസ്ഐ സലിം മുട്ടാത്ത്, ഹോംഗാർഡ് ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് കടവുകൾ കല്ലിട്ടടച്ചത്.