ശ്രീകണ്ഠപുരം: വെള്ളം കുറഞ്ഞ ഇരിക്കൂർ പുഴയിൽ അനധികൃത മണൽവാരൽ വ്യാപകം. ഏറെ നാളായി നിലച്ചിരുന്ന മണലൂറ്റാണ് വീണ്ടും തുടങ്ങിയത്. മുൻപ് പുഴയുടെ വിവിധ ഭാഗങ്ങൾ മണൽ മാഫിയകൾ കയ്യടക്കിയ അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പോലീസിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് മണൽകടത്ത് പാടെ നിലച്ചിരുന്നു.
ഇപ്പോൾ വീണ്ടും പുഴ വിവിധ സംഘങ്ങൾ കയ്യടക്കി മണൽ വാരിത്തുടങ്ങിയിട്ടുണ്ട്. പുഴയുടെ ഇരിക്കൂർ പഞ്ചായത്തിന്റെ ഭാഗത്തോടു ചേർന്ന സ്ഥലങ്ങൾക്ക് പകരം മറുകരയിലാണ് മണലൂറ്റും കടത്തും വ്യാപകമായിരിക്കുന്നത്. പുലർച്ചെയും രാത്രിയുമാണ് മണൽ സംഭരണവും കടത്തും നടക്കുന്നത്. പുഴയിൽ നിന്ന് ചാക്കിൽ നിറച്ചാണ് മണൽ കടത്തുന്നത്.
നൂറ് കണക്കിന് ചാക്കുകളിൽ നിറച്ച മണൽ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോവുകയാണ്. പുഴകളിൽ വലിയ കുഴികളുണ്ടാക്കിയാണ് മണൽ ശേഖരിക്കുന്നത്. ആഴമുള്ള കുഴികളിൽ നിന്ന് ശേഖരിക്കുന്ന മണൽ അരിച്ചെടുക്കുകയാണ് ചെയ്യുന്നത്. പുഴയുടെ ആയിപ്പുഴ, കൂരാരി, നിടുവള്ളൂർ, മണ്ണൂർ, പെടയങ്ങോട് ഭാഗങ്ങങ്കിൽ ഇത്തരത്തിൽ ഒട്ടേറെ വൻ ഗർത്തങ്ങൾ തന്നെയുണ്ട്. അധികൃതർ അനധികൃത മണലൂറ്റിനെതിരെ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.