തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കാനുള്ള മാർഗങ്ങൾ തേടി സർക്കാർ.
നദികളിലെ ഒഴുക്കു സുഗമമാക്കുന്നതിനും നിർമാണ ആവശ്യത്തിനു മണൽ ലഭ്യമാക്കുന്നതിനും ഇതുവഴി സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുമുള്ള മാർഗമാണു തേടുന്നത്.
കേന്ദ്ര നിയമങ്ങൾക്ക് അനുസൃതമായി മണൽവാരലിനുള്ള നിയമസാധുത പരിശോധിക്കാനും സാധ്യമെങ്കിൽ ഭേദഗതി നിർദ്ദേശമടങ്ങുന്ന കരട് ബിൽ തയാറാക്കുന്നതിനും നിയമസെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഉപസമിതിക്ക് രൂപംനൽകി.
കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബാങ്ക്സ് ആൻഡ് റെഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കുന്നത്.
കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്രനിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മണൽ വാരാൻ അനുമതി നൽകാനാണ് ആലോചന. സംസ്ഥാനത്ത് 32 നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയായിട്ടുണ്ട്.
12 നദികളിൽ നടന്നുവരുന്നു. സാൻഡ് ഓഡിറ്റ് പൂർത്തിയായവയിൽ 17 നദികളിലാണ് മണൽ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. അനുകൂല സാഹചര്യം രൂപപ്പെട്ടാൽ ഒരു വർഷത്തിനകം നടപ്പാക്കാനാണ് സർക്കാർ തീരുമാനം. കോടതി വിധികളുടെ പശ്ചാത്തലത്തിൽ നിലവിൽ സംസ്ഥാനത്ത് മണൽവാരൽ നിരോധിച്ചിട്ടുണ്ട്.
കേന്ദ്രത്തിന്റെ പുതിയ നിർദേശപ്രകാരം ജില്ലാതല സർവേ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി മാത്രമേ നദികളിൽനിന്ന് മണൽവാരലിന് അനുമതി നൽകാനാകൂ. ജില്ലാതല സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓരോ നദിക്കും പ്രത്യേക പാരിസ്ഥിതിക അനുമതി തേടണം.
ഇതിന്റെ അടിസ്ഥാനത്തിൽ മൈനിംഗ് പ്ലാൻ തയാറായിക്കഴിഞ്ഞാൽ തദേശസ്ഥാപനങ്ങൾക്ക് തങ്ങളുടെ പരിധിയിലുള്ള കടവുകൾ ലേലം ചെയ്ത് നൽകാനാകും. സാൻഡ് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ എൻഐഐഎസ്ടിയാണ് പഠന റിപ്പോർട്ട് തയാറാക്കേണ്ടത്.
സ്വന്തം ലേഖകൻ