പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിലെ മൈലാട്ടുംപാറ മഞ്ഞകുന്നിൽ മണലിപ്പുഴയ്ക്കു കുറുകേ ചെക്ക് ഡാം നിർമിക്കാൻ അനുമതിയായി. വെള്ളപ്പൊക്ക നിയന്ത്രണ ഫണ്ടിൽ ഉൾപ്പെടുത്തി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് 45 ലക്ഷം രൂപയാണ് ചെക്ക് ഡാം നിർമാണത്തിന് അനുവദിച്ചിട്ടുള്ളത്.
വേനലിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന മലയോര മേഖലയാണ് മഞ്ഞകുന്ന്. നാട്ടുകാർ ചാക്കിൽ മണൽ നിറച്ച് താത്കാലിക തടയണ നിർമിച്ചാണ് കുടിവെള്ളക്ഷാമത്തെ നേരിട്ടിരുന്നത്. മണലിപ്പുഴയുടെ തീരത്തു സ്ഥാപിച്ചിട്ടുള്ള ശുദ്ധജലക്കിണറുകളിലെ വെള്ളം പന്പ് ചെയ്താണ് ഈ പ്രദേശത്തെ കുടിവെള്ളപദ്ധതികൾ പ്രവർത്തിക്കുന്നത്. പുഴയിൽ വെള്ളം കുറയുന്പോൾ കിണറുകൾ വറ്റുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ചെക്ക് ഡാം നിർമിക്കുന്നതോടെ ഇവിടെയുള്ള ഇരുനൂറിലേറെ കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. 32 മീറ്റർ നീളവും നാലടി ഉയരവുമുള്ള ചെക്ക് ഡാം നാലു ഷട്ടറുകളോടെയാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മണിലിയിലെ വെള്ളം തടഞ്ഞുനിർത്താനും ആവശ്യമില്ലാത്ത സമയങ്ങളിൽ തുറന്നുവിടുകയും ചെയ്യാം.
പീച്ചി ഡാമിനു താഴെ മണിലപ്പുഴയിൽ അഞ്ചു കിലോമീറ്ററിനുള്ളിൽ ഇതു രണ്ടാമത്തെ ചെക്ക് ഡാമാണ്. പട്ടിലുംകുഴിയിൽ രണ്ടു വർഷം മുന്പാണ് ചെക്ക് ഡാം പൂർത്തിയാക്കിയത്. മൈലാട്ടുപാറയിൽ മറ്റൊരു ചെക്ക് ഡാം കൂടി അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്തംഗം കെ.പി. എൽദോസ് അറിയിച്ചു.
ആറു കുടവെള്ള പദ്ധതികൾക്കും ആയിരം ഏക്കർ കൃഷിഭൂമിക്കും മഞ്ഞകുന്ന് ചെക്ക് ഡാം സഹായകരമാകും. തെങ്ങ്, കവുങ്ങ്, ജാതി, നേന്ത്രവാഴ എന്നിവയാണ് ഈ മേഖലയിലെ പ്രധാന കൃഷികൾ.