
ഹരിപ്പാട്: എക്കലും മണ്ണും അടിഞ്ഞുകൂടി തിട്ടകൾ രൂപപ്പെട്ടത് നദികളിലെ നീരൊഴുക്കിന് തടസമാകുന്നു. വീയപുരത്തു നിന്നും പമ്പയും അച്ചൻകോവിലാറും ചേർന്ന് പല കൈവഴികളിലായി പിരിഞ്ഞൊഴുകുന്ന അപ്പർ കുട്ടനാടൻ മേഖലയിലെ നദികളിലും ഇവയെ ബന്ധിപ്പിച്ചുള്ള തോടുകളിലുമാണ് എക്കലും മണ്ണും അടിഞ്ഞുകൂടി തിട്ടകൾ രൂപപ്പെട്ടത്.
ലീഡിംഗ് ചാനൽ തുടങ്ങുന്ന കൊടുവത്തും കുളം, വട്ടടിച്ചിറ, മാതിരം പള്ളി, കൊരംകുഴി ആറ്റിൽ മുക്കട ഭാഗം, നാലുചിറ കൂടാതെ കൊരംകുഴി, കരിയാർ എന്നിവ വന്നുചേരുന്ന നാട്ടുതോടിന്റെ വിവിധ ഭാഗങ്ങളിലും തിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്.
തണ്ണീർമുക്കം ബണ്ട് തുറന്നതു മൂലവും വേനൽ മഴയിലും നദികളിൽ ജലനിരപ്പുയർന്നെങ്കിലും ചെളിയും മാലിന്യവും അടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ടി.എസ് കനാലിലും വൻ തോതിൽ എക്കലും മണ്ണും അടിഞ്ഞുകൂടിയിട്ടുണ്ട്.
സ്പിൽവേയുടെ അപ്സ്ട്രീമിൽ അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും മണലും മേയ് അവസാനത്തോടെ പൂർണമായും നീക്കം ചെയ്യുമെന്നു ജില്ലാ ഭരണകൂടം പറയുമ്പോഴും നിലവിൽ പ്രവൃത്തികൾക്ക് കാര്യമായ പുരോഗതിയില്ല.
നാലു ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് ഡ്രഡ്ജ് ചെയ്ത് മാറ്റേണ്ടത്. സ്പിൽവേ മുതൽ വീയപുരം വരെ 11 കിലോമീറ്റർ ദൂരത്ത് മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് മേജർ ഇറിഗേഷൻ വകുപ്പിന്റെ കണ്ടെത്തൽ.
എന്നാൽ നദീതീരങ്ങളിലുള്ള കുട്ടനാടൻ നെല്ലറയുടെ ഭാഗമായ നാലുചിറ, തെറ്റിക്കളം, മാന്ത്ര മീഞ്ചാൽ, ചാലുങ്കൽ, ഈഴവൻകേരി കിഴക്ക് പടിഞ്ഞാറ്, വാഴാങ്കേരിപുളുമ്പങ്കേരി, തേവേരി തുടങ്ങിയ പാടശേഖരങ്ങളിൽ രണ്ടാം കൃഷിക്കുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
കൃഷിയിറക്കിയതിനു ശേഷം നദികൾ ഡ്രഡ്ജ് ചെയ്താൽ പുളിയിളകി കൃഷിക്ക് വ്യാപക നാശം സംഭവിക്കാനിടയുണ്ടെന്ന് കർഷകർ പറയുന്നു. ദേശീയ ജലപാതയുമായി ബന്ധപ്പെട്ട ഫീഡർ കനാലുകൾ ഡ്രഡ്ജ് ചെയ്യുന്ന പ്രവൃത്തിയും ഇപ്പോഴത്തെ സ്ഥിതിയിൽ കാലവർഷത്തിനു മുൻപായി പൂർത്തീകരിക്കുക അസാധ്യമാകും.
മഴക്കാല പൂർവശുചീകരണത്തിന്റെയും വെള്ളപ്പൊക്കം തടയാനുള്ള നടപടികളുടെയും ഭാഗമായി ചെറു തോടുകളിലെ എക്കൽമണൽ നീക്കം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മൈനർ ഇറിഗേഷൻ വകുപ്പും പറയുന്നുണ്ടെങ്കിലും ഇവിടെയും പ്രവൃത്തികൾ മന്ദഗതിയിലാണ്.
കാലവർഷം എത്തുന്നതോടെ നദികളിൽ ജലനിരപ്പുയർന്ന് തീരദേശ വാസികൾക്കും രണ്ടാം കൃഷിയിറക്കാൻ പോകുന്ന മേഖലയിലെ കരിനില പുഞ്ചപ്പാടങ്ങൾക്കും വൻ ഭീഷണിയാകും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നാണ് ആവശ്യം.