കോഴിക്കോട്: കോഴിക്കോട് ബീച്ചിലും പരിസരത്തും മണലൂറ്റ് വ്യാപകം. കോതിപ്പാലത്തിനുസമീപമാണ് മണലൂറ്റ് വ്യാപകമായിരിക്കുന്നത്. നട്ടുച്ച സമയങ്ങളിൽപോലും മണൽ കോരിയെടുത്ത് ചാക്കുകളിലാക്കി വയ്ക്കുകയാണ് പതിവ്. പിന്നീട് രാത്രിയിൽ ഇവിടെ നിന്നും എടുത്തുമാറ്റും.
എംസാൻഡിനൊപ്പം ചേർക്കാൻ പറ്റിയ മണലാണിത് എന്നതിനാൽ തന്നെ ഇത് വലിയ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. സമീപകാലത്തായി ഇത്തരം സംഭവങ്ങൾ എറിവരുന്നതായി പോലീസ് പറയുന്നു. പലപ്പോഴും പോലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ. പോലീസിനെ കണ്ടാൽ ചാക്കുകൾ ഒഴിവാക്കി രക്ഷപ്പെടുകയാണ് പതിവ്. ഉടമസ്ഥരില്ലാത്ത മണൽ ചാക്കുകൾ തങ്ങൾ എന്തുചെയ്യാനാണെന്ന് പോലീസ് ചോദിക്കുന്നു.
കോതിപ്പാലത്തുമാത്രമല്ല, തീരദേശ മേഖലകളിൽ പലയിടത്തും ഇതാണ് അവസ്ഥ. ഇങ്ങനെ രൂപപ്പെടുന്ന ചാലുകൾ വെള്ളം നിറഞ്ഞ പതുക്കെ കൈവഴികളായിമാറും. ഇങ്ങനെ നിരവധി കൈവഴികൾ ബീച്ചിൽ കാണാം. ശക്തമായ തിരമാലകൾ എത്തുന്നതോടെ ഇത് വീണ്ടും പൂർവസ്ഥിതിയിലാകും.
ഇത് “അല്ലറ ചില്ലറ ബിസിനസ്’
കടവുകളിൽ നിന്നും മണലെടുക്കാൻ കഴിയില്ല, പിന്നെ കൂടിയ വിലയ്ക്കാണ് എംസാൻഡ് പുറത്തുനിന്നും വാങ്ങുന്നത്. കോതിപ്പാലത്തെ സമീപവാസികൾ പറയുന്നു. പലർക്കും ഇതൊരു ചെറിയ ബിസിനസാണ്. ഉപ്പുനിറഞ്ഞ മണലായതിനാൽ ഇത് നിർമാണ പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ കഴിയില്ല അതിനാൽ വലിയ കെട്ടിട നിർമാണ പ്രവൃത്തികൾ നടക്കുന്നിടത്തേയ്ക്ക് വാഹനങ്ങളിൽ എത്തിക്കുകയാണ് പതിവ്.
ജിഎസ്ടിയും നോട്ട് നിരോധനവുമെല്ലാം തങ്ങളുടെ തൊഴിലിനെ ബാധിക്കുന്ന ഇക്കാലത്ത് ജീവിക്കാൻ ഇതല്ലാതെ എന്തുവഴിയെന്ന് ഇവർ ചോദിക്കുന്നു. കഴിഞ്ഞ ദിവസം തീരദേശ മോക്ഡ്രില്ലുമായി ബന്ധപ്പെട്ട് പോലീസ് എത്തിയതോടെ ശരിക്കും വട്ടം ചുറ്റിയത് മണലൂറ്റുകാരാണ്.എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. കടലിൽ നിന്നും കരയിലെത്തിച്ച മണൽ പോലീസ് ഉള്ളപ്പോൾ എങ്ങനെ പുറത്തേക്ക് കൊണ്ടുപോകും?
പോലീസാണെങ്കിൽ മണൽചാക്കുകൾക്കിടയിൽ നിന്നും മാറുന്നുമില്ല.എന്തായാലും അന്നേദിവസം മണലൂറ്റ് നടന്നില്ല എന്നുമാത്രം. സമീപത്തെ തൊഴിലാളികളാണ് മണലൂറ്റുന്നതിന് നേതൃത്വം നൽകുന്നത്. പലരും രാത്രികാലങ്ങളിൽ പ്രത്യേക ടോർച്ചുകളുമായി എത്തിയാണ് പ്രവൃത്തികളിൽ ഏർപ്പെടുന്നത്. സംഘങ്ങളായി തിരിഞ്ഞ്് ചെറിയ കരകൾ ഇവർ കടലാക്കി മാറ്റും. തീരദേശ തൊഴിലാളികളാണ് എന്നതിനാൽ തന്നെ പോലീസും മറ്റ് ഉദ്യോഗസ്ഥരും ഇവരോട് കർശന നിലപാട് സ്വീകരിക്കാറില്ല എന്നതാണ് യാഥാർഥ്യം.