വടക്കഞ്ചേരി: യുവാവിന്റെ മൃതദേഹം കാണപ്പെട്ടതുമായി ബന്ധപ്പെട്ട് 13 വർഷങ്ങൾക്കുശേഷം കിഴക്കഞ്ചേരി മന്പാട് ക്ഷേത്രക്കുളം വീണ്ടും വാർത്തകളിൽ നിറയുന്നു.
മന്പാട് പുഴക്കൽ തറ ചന്ദ്രന്റെ മകൻ സന്ദീപി (33)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കുളത്തിൽ കാണപ്പെട്ടത്. ബിജെപി പ്രവർത്തകനായ സന്ദീപിന്റെ മരണത്തിൽ പാർട്ടി വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
വർഷങ്ങളേറെ മുന്പ് 2002 മേയ് 17 ന് ഈ കുളത്തിൽ 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ഇടതു കണ്ണിൽ ആഴത്തിലുള്ള ദ്വാരത്തിലുള്ള മുറിവോടെയാണ് കഷ്ടി മൂന്നടി മാത്രം വെള്ളമുണ്ടായിരുന്ന കുളത്തിൽ അന്യനാട്ടുക്കാരിയെന്ന് സംശയിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടത്.
ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വേനലിന്റെ കാഠിന്യത്തിൽ വെള്ളം നന്നേ കുറഞ്ഞ ഉൾ പ്രദേശത്തെ കുളത്തിൽ യുവതി എങ്ങനെ ശ്വാസംമുട്ടി മരിച്ചു എന്നത് ഇന്നും ദുരൂഹതയായി തന്നെ നിലനിൽക്കുകയാണ്.
യുവതിയെ അബോധാവസ്ഥയിൽ കുളത്തിൽ തള്ളിയതാകാമെന്ന നിഗമനത്തിലായിരുന്നു അന്നത്തെ പോലീസ്. സ്ത്രീയെ തിരിച്ചറിയാതിരുന്നതിനാൽ കൂടുതൽ അന്വേഷണവും പിന്നീട് ഉണ്ടായില്ല.
യുവതിയുടെ കൈത്തണ്ടയിൽ കെ. രമേശ് എന്നും പാഞ്ചാലി എന്നും തമിഴിൽ പച്ച കുത്തിയിരുന്നു. ഇളം മഞ്ഞ ചുരിദാറാണ് ധരിച്ചിരുന്നത്.
മൃതദേഹം മൂന്നുദിവസം സൂക്ഷിച്ചെങ്കിലും ബന്ധുക്കളാരും അന്വേഷിച്ച് എത്തിയില്ല. ഇതേതുടർന്ന് അജ്ഞാത മൃതദേഹ മായി തൃശൂർ കോർപ്പറേഷൻ പൊതുശ്മശാനത്തിലാണ് ജഡം മറവു ചെയ്തത്.
ടാർ റോഡിൽ നിന്നും 100 മീറ്ററോളം മാറി നെൽ വയലിനോട് ചേർന്നാണ് ഈ കുളം. സന്ധ്യയായാൽ പിന്നെ ഈ പ്രദേശത്ത് ആളുകളുടെ സാന്നിധ്യം കുറവാണ്.
2002 ൽ സ്ത്രീയുടെ ജഡം കാണപ്പെട്ട സംഭവം ഓർമ്മപ്പെടുത്തിയായിരുന്നു ഇന്നലേയും യുവാവിന്റെ മൃതദേഹം കാണാൻ ആളുകൾ കുളക്കരയിൽ കൂടിയത്.