മണ്ണാർക്കാട്: രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന പതിനാറുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസിയായ ജംഷീർ എന്ന യുവാവ് പിടിയിൽ.
തിരുവിഴാംകുന്നിൽ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് പെണ്‍കുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമം നടന്നത്.
ശബ്ദംകേട്ട് എത്തിയ കുട്ടിയുടെ മുത്തശിയെ ചവിട്ടിവീഴ്ത്തി പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി ഗുരുതരനിലയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവസമയത്ത് പെണ്‍കുട്ടിയും ഇളയ സഹോദരനും മുത്തശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പിതാവ് വിദേശത്താണ് ജോലിചെയ്യുന്നത്. കോവിഡ് ബാധിച്ചതിനാൽ അമ്മ മറ്റൊരു വീട്ടിൽ നിരീക്ഷണത്തിലാണ്.
പെണ്‍കുട്ടിയുടെ നട്ടെല്ലിനു ക്ഷതമേറ്റിട്ടുണ്ട്. അബോധാവസ്ഥയിലാണ് വട്ടന്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
പിന്നീട് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പെണ്‍കുട്ടിക്കു ബോധംവന്നശേഷം മൊഴിയെടുത്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് മണ്ണാർക്കാട് ഡിവൈഎസ്പി പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരേ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. യുവാവിന്റെ പിതാവിനെയും പോലീസ് ചോദ്യംചെയ്തു.
നാട്ടുകാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീടിനു സമീപത്താണ് യുവാവിന്റെ വീട്.