കോഴിക്കോട് : യുവതിയെ സ്വകാര്യ ബസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിക്ക് ആശ്രമത്തില്‍ അഭയം നല്‍കിയതായി ആരോപണം.
പന്തീരാങ്കാവിലെ ആശ്രമത്തിലാണ് ഒരു ദിവസം മുഴുവന്‍ പ്രതിയായ പന്തീര്‍പ്പാടം പാണരുകണ്ടത്തില്‍ ഇന്ത്യേഷ്കുമാര്‍ (38) നെ ഒളിവില്‍ താമസിച്ചതത്രേ.
പ്രതിക്കായി പോലീസ് നാടകെ അന്വേഷിക്കുമ്പോഴാണ് ആശ്രമത്തില്‍ മണിക്കൂറുകളോളം ഒളിവില്‍ താമസിച്ചത്. പീഡന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചറിഞ്ഞിരുന്നു.
തുടര്‍ന്ന് ഇവരുടെ വീടുകളില്‍ പരിശോധനയും നടത്തി. പരിശോധനയില്‍ രണ്ടുപേരെ പിടികൂടുകയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യേഷ് ആശ്രമത്തിലേക്ക് മാറിയത്.
അതേസമയം ആശ്രമത്തില്‍ നിന്ന് പ്രതി എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല. ആശ്രമത്തിലെ അന്തേവാസികളെയും സന്ദര്‍ശകരേയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും പ്രതിയ്ക്ക് ഒളിവില്‍ പോവാന്‍ സഹായം ചെയ്തുകൊടുത്തവരെ കണ്ടെത്തുമെന്നും മെഡിക്കല്‍കോളജ് അസി.കമ്മീഷണര്‍ സുദര്ശന് അറിയിച്ചു.
പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. ഏതെങ്കിലും ആശ്രമത്തില്‍ ഒളിവില്‍ താമസിക്കുന്നതിനുള്ള സൗകര്യവും പന്തീരാങ്കാവിലെ ആശ്രമത്തില്‍ നിന്ന് ചെയ്തുകൊടുക്കാനുള്ള സാധ്യതയും ഏറെയാണെന്നാണ് പോലീസ് സംശയിക്കുന്നത്.
ഈ സാഹചര്യത്തില്‍ തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും ആശ്രമങ്ങളിലും വരും ദിവസങ്ങളില്‍ പോലീസ് അന്വേഷണം നടത്തും.
മലയാളികളുടെ സഹായത്തോടെയാണ് ആശ്രമങ്ങളിലെ വിവരം ശേഖരിക്കാന്‍ പോലീസ് തീരുമാനിച്ചത്. അതേസമയം ഒന്‍പത് ദിവസമായിട്ടും പ്രതിയെ പിടികൂടാനാവാത്തത് ചര്‍ച്ചയായി മാറുന്നുണ്ട്.
സംഭവത്തില്‍ കുന്നമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.
ക്രൂരമായ പീഡനമായിരുന്നു യുവതിക്ക് നേരെ നടന്നത്. മുണ്ടിക്കല്‍താഴം-സിഡബ്ലിയുആര്‍ഡിഎം റോഡിന് സമീപം നിര്‍ത്തിയിട്ട ബസില്‍ വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്.