കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന സമ്മത പത്രം നൽകിയവരുടെ ഭൂമി ഏറ്റെടുക്കാൻ 112 കോടി രൂപ ഉടൻ അനുവദിക്കുക, അവശേഷിക്കുന്ന ഭൂമി എൽഎ നിയമപ്രകാരം ഏറ്റെടുക്കുക, കച്ചവടക്കാർക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡോ.എം.ജി.എസ് നാരായണന്റെ നേതൃത്വത്തിൽ ഈ മാസം നടത്താൻ തീരുമാനിച്ചിരുന്ന അനശ്ചിതകാല കൂട്ടനിരാഹാ സമരം മേയ് 18ലേക്ക് മാറ്റി.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന എംജിഎസിന് കുറച്ച് ദിവസം വിശ്രമം നിർദേശിച്ചതിനെ തുടർന്നാണ് സമരം മാറ്റി നിശ്ചയിത്തത്. നിരാഹാര സമരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 29, 30 തീയതികളിൽ വെള്ളിമാടുകുന്ന് , നടക്കാവ്, സിവിൽ സ്റ്റേഷൻ എന്നിവടങ്ങളിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കോർപറേഷൻ കൗൺസിലർമാർ, സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ സംഘടനാ ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ച് സംയുക്ത മേഖലാ കൺവൻഷനുകൾ വിളിച്ചു ചേർക്കും.
മെയ് 11ന് ആക്ഷൻ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് മാത്യു കട്ടിക്കാനയുടെ നേതൃത്വത്തിൽ വെള്ളിമാടുകുന്ന് മുതൽ മാനാഞ്ചിറ വരെ വാഹപ്രചരണ ജാഥ നടത്തും. ഉച്ചയ്ക്ക് മൂന്നിന് വെള്ളിമാടുകുന്ന് ജെഡിറ്റി സ്കൂൾ സമീപത്ത് ഉദ്ഘാടനം ചെയ്യുന്ന ജാഥ കിഡ്സൺ കോർണറിൽ സമാപിക്കും.
10 കേന്ദ്രങ്ങളിൽ നടക്കുന്ന വിശദീകരണ യോഗങ്ങളിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും കൗൺസിലർമാരും സംസാരിക്കും. 15 വർഷമായി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിൽ വാഹന അപകടങ്ങളിൽ മരണപ്പെട്ടവരുടെ ഓർമയ്ക്കായി മെയ് 15-ന് വെകീട്ട് ഏഴിന് മാനാഞ്ചിറ പബ്ലിക്ക് ലൈബ്രറിക്ക് സമീപം സ്മരണ ജ്വാല തെളിയിക്കും.