മാനന്തവാടി: ഒമ്പത് സ്ത്രീകളുടെ ദാരുണ മരണത്തിനിടയാക്കിയ മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ വയനാട് തേങ്ങുന്നു. ദുരന്തത്തിൽ മരിച്ച ഒമ്പത് പേരുടെയും പോസ്റ്റുമോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.
ഇന്ന് രാവിലെ എട്ടോടെയാണ് മാനന്തവാടി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ മോര്‍ട്ടം തുടങ്ങിയത്. തുടർന്നു മൃതദേഹങ്ങള്‍ മക്കിമല സർക്കാർ എൽപി സ്കൂളിലേക്ക് എത്തിച്ചശേഷം പൊതുദര്‍ശനത്തിന് വച്ചു. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരംഇന്ന് വൈകുന്നേരം നടക്കും.
പോസ്റ്റുമോർട്ടം നടന്ന മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലേക്കും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ച മക്കിമല സർക്കാർ എൽപി സ്കൂളിലേക്കും ആയിരക്കണക്കിനാളുകളാണ് നിറകണ്ണുകളുമായെത്തിയത്.
വൈകുന്നേരം നാലോടെ റാബിയയുടെ മൃതദേഹം മക്കിമല ജുമാമസ്ജിദ് ഖബര്‍ സ്ഥാനിലും മറ്റുള്ളവരുടേത് വീട്ടുവളപ്പിലും ആറാം നമ്പര്‍ പൊതുശ്മശാനത്തിലുമായാണ് സംസ്കരിക്കുന്നത്.
മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്.
ഇരുവരെയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.അപകടത്തെക്കുറിച്ചുള്ള പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വിശദാന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
ജീപ്പ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തലപ്പുഴയിൽ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിട്ടിരിക്കുകയാണ്. മാനന്തവാടി താലൂക്കിൽ ഇന്ന് എല്ലാ ഓണാഘോഷ പരിപാടികളും മാറ്റിവച്ചു.
ഞെട്ടല്‍ മാറാതെ അഞ്ചു പേര്
വയനാട്ടിലെ മാനനന്തവാടിക്കു സമീപം കണ്ണോത്തുമലയില്‍ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ ജീവന് തിരിച്ചുപിടിച്ച അഞ്ചുപേര്‍ ആശുപത്രിയില്‍ കഴിയുന്നത് നീറുന്ന മനസോടെ.
ഒരേ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നതില്‍ ഒമ്പതു പേര് ഇനിയില്ലെന്ന തിരിച്ചറിവില്‍ വിങ്ങിപ്പൊട്ടുകയാണ് ഇവർ. ജീപ്പ് ഡ്രൈവര്‍ മണി(44), തൊഴിലാളികളായ ഉമാദേവി ചിന്നയ്യന്(40), ജയന്തി പുഷ്പരാജന്‍(45), ലത സുബ്രഹ്മണ്യന്(38), മോഹനസുന്ദരി മണികണ്ഠന്(42)എന്നിവരാണ് ഏകേദേശം 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് പാറക്കെട്ടില്‍ ഇടിച്ച് പിളര്‍ന്ന ജീപ്പില്‍നിന്നു അദ്ഭുതകരമായി രക്ഷപ്പെട്ടത്.
ഇവരില്‍ ലത കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
മക്കിമല ആറാം നമ്പര്‍ കോളനിയില്‍നിന്നു വാളാടിനു സമീപം സ്വകാര്യ ചെറുകിട തോട്ടങ്ങളില്‍ തേയില നുള്ളാന്‍ പോയി മടങ്ങുകയായിരുന്ന 13 സ്ത്രീ തൊഴിലാളികളും ഡ്രൈവറുമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.
ചുരത്തിനു സമാനമായ റോഡില്‍ ഇറക്കവും വളവും ഉള്ള ഭാഗത്താണ് വാഹനം നിയന്ത്രണം വിട്ടത്. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനു കാരണമായതെന്നാണ് ഡ്രൈവറുടെ മൊഴി.
ആറാംനമ്പര്‍ കൂളന്‍തൊടിയില്‍ സത്യന്റെ ഭാര്യ ലീല(42), കൂക്കോട്ടില്‍ ബാലന്റെ ഭാര്യ ശോഭന (54), കാപ്പില്‍ പരേതനായ മമ്മുവിന്റെ റാബിയ(55), പദ്മനാഭന്റെ ഭാര്യ ശാന്ത(45), വേലായുധന്റെ ഭാര്യ കാര്‍ത്യായനി(62), ബാബുവിന്റെ ഭാര്യ ഷാജ(42), കാര്‍ത്തികിന്റെ ഭാര്യ ചിത്ര (28), ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (55), തങ്കരാജിന്റെ ഭാര്യ റാണി(57)എന്നിവരാണ് അപകടത്തില്‍ മരിച്ചത്.