കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ യുവതിയെ ഭര്‍ത്താവും കുടുംബവും ശാരീകമായും മാനസികമായും ഉപദ്രവിക്കുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.
വിഷയം സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാനും ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി.
സംഭവത്തിന്റെ നിജസ്ഥിതിസംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനും യുവതി മാനസികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ തത്കാലത്തേക്ക് താമസസൗകര്യമൊരുക്കാനും ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് ചെയര്‍പേഴ്സണ്‍ നിര്‍ദേശം നല്കി.
ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ച യുവതി ബാലികാ ഭവനങ്ങളിലെ സംരക്ഷണത്തിലാണ് വളര്‍ന്നത്.
പത്താം ക്ലാസിന് ശേഷമുള്ള പഠന കാലത്ത് ഒപ്പം പഠിച്ചിരുന്ന യുവാവുമായി പ്രണയത്തിലാവുകയും യുവാവ് വിവാഹ വാഗ്ദാനം നല്കി പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
എന്നാൽ, ഇയാൾ പിന്നീട് വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഇതെത്തുടർന്ന് യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് യുവാവിനെ അറസ്റ്റ് ചെയ്തു.
യുവാവിന്റെ മാതാപിതാക്കളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് യുവതിയുമായി സംസാരിച്ച് വിവാഹം ചെയ്ത് സംരക്ഷിച്ച് കൊള്ളാമെന്ന കരാറിന്മേല് പരാതി പിന്‍വലിച്ചു.
തുടര്‍ന്ന് 2018 നവംബറില്‍ ഇവരുടെ വിവാഹം നടന്നു. പലരുടെയും സഹായത്തോടെ വിവാഹത്തിന് ലഭിച്ച സ്വര്‍ണം ഉള്‍പ്പടെ ഭര്‍ത്താവ് വില്‍ക്കുകയും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും ചെയ്തു.
വീട്ടില്‍ നിന്ന് ഇറക്കി വിട്ടതോടെ അടച്ചുറപ്പില്ലാത്ത വീട്ടിലേക്ക് താമസം മാറി. തുടര്‍ന്ന് സംരക്ഷണം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.