കോട്ടയം: മീനച്ചിലാറിന്റെ തീരത്തുള്ള നട്ടാശേരി മണപ്പുറത്ത് ഡിപ്പോ കടവ് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാറന്പുഴ തടി ഡിപ്പോയോടു ചേർന്നു കിടക്കുന്ന മണപ്പുറത്ത് കടവ് നാശത്തിന്റെ വക്കിലാണ്. കടവിനു സംരക്ഷണം ഇല്ലാത്തതുമൂലം കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കത്തിലായി കടവിനോടു ചേർന്നുണ്ടായിരുന്ന അഞ്ചു കൂറ്റൻ മരങ്ങളാണു നിലംപതിച്ചത്.
നാളുകൾക്കു മുന്പു കടവിന്റെ പ്രധാന്യം കണക്കിലെടുത്തും കടവ് സംരക്ഷിക്കുന്നതിനുമായി വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇക്കോ ടൂറിസം എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ പദ്ധതിയ്ക്കായി നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും പീന്നിട് തുടർനടപടികളുണ്ടായില്ല.
മണപ്പുറത്ത് കടവ് സ്ഥിതി ചെയ്യുന്ന സ്ഥലം റവന്യുവകുപ്പിന്റെ അധീനതയിലുള്ളതാണെന്ന കാരണം പറഞ്ഞാണു വനംവകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതി ഉപേക്ഷിച്ചതെന്ന് നാട്ടുകാർ പറയുന്നു. കോട്ടയം നഗരത്തിനോടു ചേർന്നു കിടക്കുന്ന ഏറ്റവും പ്രകൃതിരമണീയമായ സ്ഥലമാണിത്.
ഇവിടുത്തെ കൂറ്റൻ മരങ്ങളിൽ ഒട്ടേറെ ദേശാടന പക്ഷികളാണുള്ളത്. ഇവിടെനിന്നുള്ള കാഴ്ചകളും മനോഹരമാണ്. മുന്പു വൈകുന്നേരങ്ങളിലും ഒഴിവുവേളകളിലും ധാരാളം പേർ ഇവിടെ വിശ്രമിക്കാനായി എത്താറുണ്ടായിരുന്നു. ഇപ്പോൾ ഇവിടെ ആരും എത്താറില്ല. അടിസ്ഥാനസൗകര്യങ്ങളില്ലാത്തതാണു പ്രധാന കാരണം. സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്.
മണപ്പുറത്ത് കടവിന്റെ പ്രധാന്യം കണക്കിലെടുത്ത് ആറ്റുതീരത്തോടു ചേർന്നുള്ള ഭാഗങ്ങൾ ഭിത്തികെട്ടി സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇങ്ങനെ ചെയ്താൽ കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്കു സായാഹ്നം ചെലവഴിക്കുന്നതിനുള്ള സ്ഥലമായി മാറ്റിയെടുക്കാം.
കോട്ടയത്ത് എത്തുന്നവർക്കു വൈകുന്നേരങ്ങൾ ചെലവഴിക്കുന്നതിനുള്ള സൗകര്യം നഗരത്തിലോ സമീപപ്രദേശങ്ങളിലോ ഇല്ല. നഗരസഭ പരിധിയിലുള്ള മണപ്പുറത്ത് കടവ് സംരക്ഷിച്ചു വിശ്രമ വിനോദ കേന്ദ്രമാക്കി മാറ്റുന്നതിനു അധികൃതർ മുൻകൈയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.