മണര്കാട്: കൂപ്പുകൈകളോടെ കാത്തുനിന്ന വിശ്വാസികള്ക്കു ദര്ശന സൗഭാഗ്യമായി മണര്കാട് കത്തീഡ്രലില് നടതുറന്നു. വിശ്വാസികൾ വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്ശിച്ചു.
എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാം ദിനമായ ഇന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന് ബാവായുടെ മുഖ്യകാര്മികത്വത്തിലായിരുന്നു നടതുറക്കല്.
എംഎസ്ഒടി സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത കുര്യാക്കോസ് മാര് തെയോഫിലോസ് സഹകാര്മികത്വം വഹിച്ചു.
രാവിലെ കുര്ബാന സമയത്തു തന്നെ കത്തീഡ്രൽ വിശ്വാസികളാല് നിറഞ്ഞു.
11ന് ഉച്ചനമസ്കാരത്തിന് ദേവാലയമണി മുഴക്കിയ ശേഷം ശ്രേഷ്ഠ കാതോലിക്കാ ബാവായുടെയും വൈദിക ശ്രേഷ്ഠരുടെയും നേതൃത്വത്തില് പ്രാര്ഥനകള് ആരംഭിച്ചതോടെ “അമ്മേ, മാതാവേ’ എന്ന വിളികള് മാത്രമായി എങ്ങും.
മദ്ബഹയ്ക്കു മുന്നിലെ തിരശീല നീങ്ങി നട തുറന്നതോടെ വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണി യേശുവിന്റെയും ഛായാചിത്രം ദര്ശിച്ചു.
സ്ലീബാ പെരുന്നാള് ദിനമായ 14ന് സന്ധ്യാനമസ്കാരത്തിനാണു നട അടയ്ക്കുക. അതുവരെ ദര്ശനത്തിനു ഭക്തര്ക്ക് അവസരമുണ്ട്.