മണര്കാട്: ആഗോള മരിയന് തീര്ഥാടനകേന്ദ്രമായ മണര്കാട് വിശുദ്ധ മര്ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില് എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള റാസ ഇന്നു നടക്കും.
ഉച്ചനമസ്കാരത്തെത്തുടര്ന്ന് 12ന് റാസയ്ക്കുള്ള മുത്തുക്കുടകള് വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് അംശവസ്ത്രധാരികളായ വൈദീകരുടെ നേതൃത്വത്തില് പ്രത്യേക പ്രാര്ഥനകള്ക്കുശേഷം കത്തീഡ്രലില്നിന്ന് റാസ പുറപ്പെട്ടും.
തുടര്ന്ന് കല്ക്കുരിശിങ്കലും കണിയാംകുന്ന് കുരിശിന്തൊട്ടിയിലും മണര്കാട് കവലയിലെ കുരിശിന്തൊട്ടിയിലും ധൂപപ്രാര്ഥന നടത്തി തിരികെ കത്തീഡ്രലിലേക്ക് റാസ പുറപ്പെടും.
കരോട്ടെപള്ളിയില് എത്തി ധൂപപ്രാര്ഥനകള്ക്കു ശേഷം തിരികെ കത്തീഡ്രലിൽ എത്തി വൈദീകര് വിശ്വാസികളെ ആശീര്വദിക്കും. റാസയില് പങ്കെടുക്കാന് നാടിന്റെ വിവിധ ഭാഗങ്ങളില്നിന്നു നിരവധി വിശ്വാസികള് ഒഴുകിയെത്തും.
കത്തീഡ്രലിന്റെ പ്രധാന മദ്ബഹായില് സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായചിത്രം വര്ഷത്തില് ഒരിക്കല് മാത്രം വിശ്വാസികള്ക്കായി തുറന്നുകൊടുക്കുന്ന നടതുറക്കല് ശുശ്രൂഷ നാളെ നടക്കും.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന് ബാവായുടെ പ്രധാന കാര്മികത്വത്തില് നാളെ 11.30ന് നടക്കുന്ന ഉച്ചനമസ്കാരത്തെത്തുടര്ന്നാണ് നടതുറക്കല് ശുശ്രൂഷ നടക്കും. സ്ലീബാ പെരുന്നാള് ദിനമായ 14ന് സന്ധ്യാപ്രാര്ഥനയ്ക്കുശേഷം നട അടയ്ക്കും.