കോട്ടയം: അരീപ്പറമ്പില്‍ പതിനഞ്ചുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു.
മണര്‍കാട് അരീപ്പറമ്പ് ചേലക്കുന്നേല്‍ സി.ടി. അജേഷിനെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് (പോക്സോ) ജഡ്ജി സാനു എസ്. പണിക്കര്‍ ശിക്ഷിച്ചത്.
ഐപിസി 302 വകുപ്പ് പ്രകാരം കൊലക്കുറ്റത്തിനു ജീവപര്യന്തവും ഐപിസി 376 ഉും പോക്സോ നാലാംവകുപ്പ് പ്രകാരം 20 വര്‍ഷം കഠിനതടവും ഐപിസി 201 വകുപ്പ് പ്രകാരം തെളിവു നശിപ്പിച്ചതിനു മൂന്നു വര്‍ഷവും ഐപിസി 342 പ്രകാരം അന്യായമായി തടങ്കലില്‍ വച്ചതിന് ആറു മാസവും തടവ് അനുഭവിക്കണം.
2019 ജനുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ അജേഷ് വീട്ടിലെത്തിയാണു കുട്ടിയുമായി പരിചയത്തിലായത്.
തുടര്‍ന്നു കുട്ടിയുമായി അടുപ്പമുണ്ടാക്കി പതിവായി ഫോണിലൂടെ ബന്ധപ്പെട്ടു. സംഭവദിവസം ഫോണില്‍ വിളിച്ച പ്രതി പെണ്‍കുട്ടിയുടെ ഫോട്ടോ കൈവശമുണ്ടെന്നു ഭീഷണിപ്പെടുത്തി തന്റെ താമസസ്ഥലത്തേക്കു ക്ഷണിക്കുകയായിരുന്നു.
ഓട്ടോറിക്ഷയില്‍ സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ചെറുത്തുനില്ക്കാന് ശ്രമിച്ച കുട്ടിയെ കഴുത്തില്‍ ഷാളും കയറും മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്നു മൃതദേഹം പ്രതി താമസിച്ചിരുന്ന ഹോളോബ്രിക്സ് കളത്തിലെ മുറിക്കുള്ളില്‍ സൂക്ഷിച്ചു. രാത്രി വൈകി മൃതദേഹം സമീപത്തെ കുഴിയില്‍ മൂടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അയര്‍ക്കുന്നം എസ്ഐയായിരുന്ന അനൂപ് ജോസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തന്നെ കാണാനില്ലെങ്കില്‍ അജേഷിന്റെ നമ്പരില്‍ ബന്ധപ്പെടണമെന്നു വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പെണ്‍കുട്ടി ബന്ധുവായ യുവതിയോടു പറഞ്ഞിരുന്നു. ഇതാണു കേസില്‍ നിര്‍ണായകമായത്.
കൊലപാതകം നടത്തിയ മുറിക്കുള്ളില്‍നിന്നു പ്രതി ചവച്ചുതുപ്പിയ നിലയില്‍ പെണ്‍കുട്ടിയുടെ സിം കാര്‍ഡ് കണ്ടെടുത്തിരുന്നു. ഈ സിം കാര്‍ഡില്‍നിന്ന് ശേഖരിച്ച ഉമിനീര് സാമ്പിളുകളും പ്രതിയെ ശിക്ഷിക്കുന്നതിനു നിര്‍ണായകമായി.
പെണ്‍കുട്ടിയെ പ്രതിയുടെ സമീപം എത്തിച്ച ഓട്ടോ ഡ്രൈവര്‍ നല്കിയ മൊഴിയും പ്രോസിക്യൂഷന് അനുകൂലമായി. പോലീസ് ഇന്‍സ്പെക്ടര്‍മാരായ ടി.ആര്. ജിജു, അനൂപ് ജോസ് എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി എം.എന്‍. പുഷ്ക്കരന്‍ ഹാജരായി. പ്രോസിക്യൂഷനെ ടോജി തോമസ്, ബീന വി. ജോണ്‍ എന്നിവര്‍ സഹായിച്ചു.