മണർകാട്: മണർകാട്ടെ ചീട്ടുകളി കേന്ദ്രം നടത്തുന്ന ഗുണ്ടാസംഘത്തിന് ഒത്താശ ചെയ്തുവെന്ന ആരോപണത്തിൽ മണർകാട് സ്റ്റേഷനിലെ ചില പോലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കും.
സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി സ്വീകരിക്കാനാണു സാധ്യത. സ്ഥലംമാറ്റം ഉൾപ്പടെയുള്ള നടപടി ഉടൻ സ്വീകരിച്ചേക്കും. നാളുകളായി മണർകാട് കേന്ദ്രീകരിച്ചു ചീട്ടുകളി നടന്നുവരികയായിരുന്നു.
കഴിഞ്ഞ ആഴ്ച ജില്ലാ പോലീസ് ചീഫ് ജി. ജയ്ദേവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു മണർകാട് ക്രൗണ്‍ ക്ലബിൽ പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 17.88 ലക്ഷം രൂപയും 40 മൊബൈൽ ഫോണും പിടിച്ചെടുത്തിരുന്നു.
സംഘം ചേർന്നു ചീട്ടുകളിച്ച 43 പേർക്കെതിരെ പോലീസ് കേസെടുത്തു. ക്രൗണ്‍ ക്ലബ് സംഘാടകർക്കെതിരെയും കെട്ടിട ഉടമകൾക്കെതിരെയും അന്നു പോലീസ് കേസെടുത്തിരുന്നില്ല.
പ്രതിഷേധം ശക്തമായതോടെയാണു ഭാരവാഹികളായ കുറുമുള്ളൂർ വടക്കുംകര സന്തോഷ് (45), മണർകാട് വാവത്തിൽ കെ.വി. സുരേഷ് (മാലം സുരേഷ്, 48) എന്നിവർക്കെതിരെ കഴിഞ്ഞദിവസം പോലീസ് കേസെടുത്തത്.
ചീട്ടുകളി നടന്ന മണർകാട് ക്രൗണ്‍ ക്ലബിന്റെ പ്രസിഡന്റാണ് സന്തോഷ്. മാലം സുരേഷ് സെക്രട്ടറിയും. പകർച്ചവ്യാധി നിരോധന നിയമം, ചീട്ടുകളി നിയമം എന്നിവ അനുസരിച്ചാണു കേസെടുത്തതെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു.
ചീട്ടുകളി കേന്ദ്രത്തിനു ഗുണ്ടകളുടെ കാവലുണ്ടെന്ന ആക്ഷേപവും പോലീസ് അന്വേഷിക്കുന്നുണ്ട്. ചീട്ടുകളി കേന്ദ്രത്തിനു സഹായം നൽകിയ മണർകാട് പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്കെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
പോലീസിന്റെ ഒത്താശയോടെയാണു ചിട്ടുകളി നടക്കുന്നതെന്നാണു ജില്ലാ പോലീസ് ചീഫ് ജി. ജയ്ദേവിനു ലഭിച്ച വിവരം. നടത്തിപ്പുകാരും പോലീസ് ഉദ്യോഗസ്ഥരും നടത്തിയ സംഭാഷണത്തിൽ ഓഡിയോ ക്ലിപ്പുകളും പോലീസിനു ലഭിച്ചു.
മണർകാട് സ്റ്റേഷനിലെ പോലീസുകാരുടെ നിയമനത്തിൽ പോലും പ്രതികളിൽ ചിലർ ഇടപെട്ടെന്നും ഇതിനായി പണം മുടക്കിയെന്നും സ്പെഷൽ ബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്. മണർകാട് സ്റ്റേഷനിലെ ചില പോലീസുകാരെ അറിയിക്കാതെ പാന്പാടി എസ്എച്ച്ഒ യു. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച റെയ്ഡ് നടത്തിയത്.
ഈ കേസിലെ പ്രതികളുടെ എണ്ണം 45 ആയി. ക്ലബ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയും സുരേഷാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരുടെ ഫോണുകൾ പോലീസ് പരിശോധിച്ചുവരികയാണ്.