മണര്‍കാട്: മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനു നാളെ കൊടിയേറും. ഇ
ന്നു സന്ധ്യാപ്രാര്‍ഥനയോടെ നോമ്പാചരണത്തിനു തുക്കമാകും. എട്ടിന് സമാപിക്കും.നാളെ മുതല്‍ 14 വരെ എല്ലാദിവസവും കത്തീഡ്രലിലെ കുര്‍ബാനയ്ക്കു മെത്രാപ്പോലീത്തമാര്‍ പ്രധാന കാര്‍മികത്വം വഹിക്കും. ഒന്നു മുതല്‍ ഏഴു വരെ 12ന് ഉച്ചനമസ്കാരവും വൈകിട്ട് അഞ്ചിനു സന്ധ്യാ നമസ്കാരവും ഉണ്ടായിരിക്കും.
ഒന്നു മുതല്‍ അഞ്ചു വരെ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒന്ന്, മൂന്ന്, അഞ്ചിന് വൈകിട്ട് 6.30ന് ധ്യാനം. ഒന്നിനു വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയ്ക്കു എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരഘോഷയാത്ര പള്ളിയില്‍നിന്നു പുറപ്പെടും. വൈകുന്നേരം 4.30നു കൊടിമരം ഉയര്‍ത്തും.രണ്ടിനു വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കു പൗലോസ് മാര്‍ ഐറേനിയോസ് മുഖ്യകാര്കത്വം വഹിക്കും.
വൈകിട്ട് 6.30ന് മെറിറ്റ് ഡേ നടത്തും. പൗലോസ് മോര് ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മൂന്നിനു വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിക്കും.
വൈകിട്ട് 6.30നു പൊതുസമ്മേളനം മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
സിബിഎസ്ഇ സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദുവും വിശുദ്ധ മര്‍ത്തമറിയം സേവകാസംഘം നിര്‍മിച്ചുനല്‍കുന്ന ഭവനങ്ങളുടെ അടിസ്ഥാന ശിലാവിതരണം മന്ത്രി വി.എന്‍. വാസവനും നിര്‍വഹിക്കും.
ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ മുഖ്യപ്രഭാഷണം നടത്തും. നാലിനു മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അഞ്ചിനു കുറിയാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ കുര്‍ബാനയ്ക്കു പ്രധാന കാര്‍മികത്വം വഹിക്കും.
ആറിന് അഞ്ചിന്മേല് കുര്‍ബാനയ്ക്ക് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. കുരിശുപള്ളികളിലേക്കുള്ള റാസ ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കും.
ഏഴിനു വിശുദ്ധ മൂന്നിന്മേൽ കുര്‍ബാനയ്ക്കു റസിഡന്റ് മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് പ്രധാന കാര്‍മികത്വം വഹിക്കും.
നടതുറക്കല്‍ ചടങ്ങ് 11.30ന് ഉച്ചനമസ്കാരത്തെ തുടര്‍ന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്നു പന്തിരുനാഴി ഘോഷയാത്ര. രാത്രി എട്ടിനു കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 9.30ന് ആകാശവിസ്മയം, പരിചമുട്ടുകളി, മാര്‍ഗം കളി, രാത്രി 12നുശേഷം കറിനേര്‍ച്ച വിതരണം.