മണ്ണാർക്കാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മഴ വെള്ളച്ചാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ആശുപത്രിപ്പടിയിൽ തുടരുന്ന അനിശ്ചിതത്വം വീണ്ടും വർധിച്ചു. ജില്ലാ സർവ്വെയർ സ്ഥലത്തെത്തി അളക്കണമെന്ന് ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു.
സ്വകാര്യ വ്യക്തിയുടെ രേഖ ശരിവെച്ച് ആശുപത്രിപ്പടിയിൽ റവന്യൂ വിഭാഗം അളന്ന ഭൂമിയിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് വീണ്ടും സർവ്വേ നടത്താൻ സബ് കളക്ടർ ജെറോമിക് ജോർജജ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു.
ഇതേ തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ രാജന്റെ നേതൃത്വത്തിൽ റവന്യൂ വിഭാഗവും ദേശീയപാത വിഭാഗവും സ്ഥലത്തെത്തി സർവ്വേ നടത്തിയതിൽ തിട്ടപ്പെടുത്തിയ അളവ് വീണ്ടും ശരിവെച്ചു. ഇതോടെ വീണ്ടും പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികൾ രംഗത്തെത്തി.
ആശങ്ക പരിഹരിക്കാതെ ഈ ഭാഗത്ത് പ്രവർത്തികൾ നടത്താൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു. ജില്ലാ സർവ്വെയർ സർവ്വേ നടത്തി യഥാർത്ഥ അളവ് കണ്ടെത്തണം.സ്വകാര്യ വ്യക്തിയുടെ ഭൂമിയും അളന്ന് അധികഭൂമി കൈവശം വെച്ചിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓട്ടോ തൊഴിലാളികൾ ഒറ്റപ്പാലം സബ്കളക്ടർ ജെറോമിക് ജോർജജിന് പരാതി നൽകി.