മണർകാട്: മരിയൻ തീർഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോന്പു തിരുനാളിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ റാസ നാളെ. ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായാണ് കുരിശുപള്ളിയിലേക്കുള്ള റാസ അറിയപ്പെടുന്നത്. അഞ്ചു കിലോമീറ്റർ ദൈർഘ്യം വരുന്ന റാസ ഉച്ചയ്ക്ക് 12ന് പള്ളിയിൽ നിന്ന് ആരംഭിക്കും.
അഞ്ചു മണിക്കൂർ സമയമെടുത്താണ് തിരികെ പള്ളിയിൽ എത്തുന്നത്. പതിനായിരത്തിലധികം മുത്തുകുടകളും 150ൽ അധികം പൊൻ, വെള്ളി കുരിശുകളും ഇരുപതോളം വാദ്യമേള ഗ്രൂപ്പുകളും റാസയിൽ അണിനിരക്കും. പരിശുദ്ധ മാതാവിനോടുള്ള പ്രാർഥനാഗീതങ്ങൾ ആലപിച്ചു പതിനായിരങ്ങൾ ഭക്തിനിർഭരമായി നടന്നു നീങ്ങുന്ന കാഴ്ച പുണ്യദായകമാണ്.
നാളെ രാവിലെ ഒന്പതിനു ഡോ. കുര്യാക്കോസ് മാർ തെയോഫിലോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ അഞ്ചിൻമേൽ കുർബാന അർപ്പിക്കും. തുടർന്നു 11.30ന് മധ്യാഹ്ന പ്രാർഥനയ്ക്കുശേഷമാണ് റാസ ആരംഭിക്കുന്നത്.
ഗതാഗത നിയന്ത്രണം
കോട്ടയം: മണർകാട് സെന്റ് മേരീസ് കത്തീഡ്രലിലെ പ്രധാന പെരുന്നാൾ ദിവസമായ ആറ്,ഏഴ്, എട്ട് തീയതികളിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ചുവടെ: കോട്ടയത്തു നിന്ന് കെകെ റോഡ് വഴി കുമളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കെ.കെ.റോഡ് വഴി പോകാവുന്നതാണ്.
കോട്ടയം ഭാഗത്തു നിന്ന് പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വടവാതൂർ മിൽമ ജംഗ്ഷനിൽ നിന്ന് തേന്പ്രവാൽകടവ് റോഡ് വഴി മോസ്കോ ജംഗ്ഷനിൽ എത്തി തിരുവഞ്ചൂർ കുരിശുപള്ളി ജംഗ്ഷൻ – അയർക്കുന്നം വഴി പോകേണ്ടതാണ്. കുമളി ഭാഗത്തു നിന്ന് കോട്ടയത്തിനും പുതുപ്പള്ളിക്കും പോകേണ്ട വാഹനങ്ങൾ എരുമപ്പെട്ടിയിൽ നിന്ന് തിരിഞ്ഞ് തലപ്പാടി, മാധവൻപടി ഭാഗത്തേക്കും പുതുപ്പള്ളി ഭാഗത്തേക്കും പോകേണ്ടതാണ്.
പാന്പാടിയിൽ നിന്ന് പാലാ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇളപ്പുങ്കൽ ജംഗ്ഷനിൽ നിന്ന് പഴയ കെകെ റോഡിൽ പ്രവേശിച്ച് കിഴക്കേടത്ത്പടി വഴി കാവുംപടിയിൽ എത്തി പോകണം. തിരുവഞ്ചൂരിൽ നിന്ന് കെകെ റോഡ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അമയന്നൂരിൽ എത്തി ഒറവയ്ക്കൽ, അരീപ്പറന്പ് അന്പലം ജംഗ്ഷൻ വഴി ഏഴാം മൈൽ ഭാഗത്തേക്കോ മാലം ബ്രിഡ്ജ് ജംഗ്ഷൻ വഴി അണ്ണാടിവയൽ ഭാഗത്തേക്കോ പോകണം.
പാലാ ഭാഗത്തു നിന്നുവരുന്ന വലിയ വാഹനങ്ങൾ ഒറവയ്ക്കൽ ജംഗ്ഷനിൽ തിരിഞ്ഞ് ഏഴാം മൈൽ ( എട്ടാം മൈൽ ) വഴിയോ കെ.കെ. റോഡിൽ പ്രവേശിക്കേണ്ടതാണ്.