കോട്ടയം: പതിനാലുവയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതം. സംഭവവുമായി ബന്ധപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ മുണ്ടക്കയം ഏന്തയാർ സ്വദേശിയായ മധ്യവയസ്കൻ പോലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്.
പീഡനത്തിനിരയായി എന്നു കരുതുന്ന ദിവസത്തെ മണർകാട് ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ചു സിസി ടിവി കാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു.
ഇതിൽ നിന്നും ചില സൂചനകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ചുവന്ന കാറിലെത്തിയ മധ്യവയസ്കനെയാണ് പോലീസ് സംശയിക്കുന്നത്.
പെണ്‍കുട്ടിയിൽനിന്ന് പ്രതിയെക്കുറിച്ചു പോലീസിനു നിർണായകായ ചില വിവരം ലഭിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവവുമുണ്ടായിരിക്കുന്നത്.
പോക്സോ നിയമ പ്രകാരം കേസ് ചുമത്തിയാണ് പാന്പാടി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പാന്പാടി സ്വദേശിനിയായ പെണ്‍കുട്ടി ജന്മം നൽകിയ നവജാത ശിശുവിന്റെ മൃതദേഹം മുട്ടന്പലം ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ചു മാസം ഗർഭിണിയായ നിലയിൽ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഗർഭസ്ഥ ശിശുവിന്റെ മൃതശരീരത്തിൽ നിന്നും പെണ്കുട്ടിയിൽനിന്നും ഡിഎൻഎ സാന്പിൾ ശേഖരിച്ചിട്ടുണ്ട്.
സിസി ടിവി തെളിവുകൾ ലഭിച്ചു പ്രതിയെ തിരിച്ചറിഞ്ഞാൽ ശാസ്ത്രീയ തെളിവുകൾക്കായാണ് ഡിഎൻഎ ശേഖരിച്ചിരിക്കുന്നത്.
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയതിനു ശേഷമാകും പോലീസ് കൂടുതൽ മൊഴിയെടുക്കുന്നത്.
പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചതാണ്. മാതാവിനു ഫാക്്ടറിയിലായിരുന്നു തൊഴിൽ. ലോക്ക്ഡൗണിനു ശേഷം പെണ്‍കുട്ടിയും സഹോദരനും കരകൗശല വസ്തുക്കൾ നിർമിച്ച് വീടുകളിലും കടകളിലും കയറി വിറ്റു വരികയായിരുന്നു.
ഏപ്രിലിൽ പെരുമാനൂർ കുളം കവലയിൽനിന്നും മണർകാട് കവലയിലേക്കു വിൽപന സാധനങ്ങളുമായി പെണ്‍കുട്ടി നടന്നു പോകുന്ന സമയം ചുവന്ന കാറിലെത്തിയ മധ്യവയസ്കനായ ആൾ തട്ടിക്കൊണ്ടു പോവുകയും ലഹരി വസ്തുക്കൾ ചേർത്ത ഭക്ഷണം നൽകി മയക്കിയതിനു ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി നൽകിയ മൊഴി.
പെണ്‍കുട്ടി ഇപ്പോൾ ചൈൽഡ് ലൈന്റെ സംരക്ഷണയിലാണ്. നാളെ പെണ്‍കുട്ടിയെ അമ്മയോടൊപ്പം അയയ്ക്കും.