കോട്ടയം: ക്രെയിൻ ശരീരത്തിലുടെ കയറിയിറങ്ങി വഴിയാത്രക്കാരൻ മരിച്ചസംഭവത്തിൽ വില്ലനായത് റോഡിലെ വെളിച്ചക്കുറവ്. വെങ്കേടത്ത് കണിയാംകുന്നേൽ ജോണ് മാത്യു (62) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്പതിനു ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ നാലുമണിക്കാറ്റ് പാലമുറി ഷാപ്പിന് സമീപമാണ് അപകടമുണ്ടായത്.
റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ജോണിനെ പുറകിൽനിന്നും എത്തിയ ക്രെയിൻ ഇടിക്കുകയായിരുന്നുവെന്ന് മണർകാട് പോലീസ് പറഞ്ഞു. റോഡിലേക്ക് തെറിച്ചു വീണയാളുടെ ശരീരത്തിലൂടെ ക്രെയിൻ കയറിയിറങ്ങുകയും ചെയ്തു. പേരൂർ കെഎൻഎം സർവീസിന്റെ ക്രെയിനാണ് അപകടത്തിനിടയാക്കിയത്.
വാഹനങ്ങൾ ചീറിപ്പായുന്ന ഏറ്റുമാനൂർ ബൈപാസ് റോഡിൽ അപകടം നടന്ന സ്ഥലം ഏറ്റവും വെളിച്ചക്കുറവുള്ള ഭാഗമാണ്. റോഡിന്റെ ഇരുവശവും പടർപ്പുകൾ നിറഞ്ഞു നിൽക്കുന്നതിനാൽ കാൽ നടയാത്രക്കാരെ വാഹനം ഓടിക്കുന്നവർ കാണണമെന്നില്ല.
ഇന്നലെ റോഡിന് അരികു ചേർന്നു നടന്ന ജോണ് മാത്യുവിനെ വെളിച്ചക്കുറവു മൂലം ക്രെയിൻ ഡ്രൈവർ കാണാതിരുന്നതാകാം അപകടകാരണമെന്നാണ് കരുതുന്നത്.തറവാട്ടുവീട്ടിൽ കഴിയുന്ന പ്രായമുള്ള മാതാപിതാക്കളെ കണ്ടതിനു ശേഷം തിരികെ വീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണു ജോണ് മാത്യുവിന് അപകടമുണ്ടായത്.
അപകടത്തിൽപ്പെട്ടു മരിച്ചു കിടന്നയാളെ പെട്ടെന്നു തിരിച്ചറിയാൻ നാട്ടുകാർക്കു സാധിച്ചില്ല. സ്ഥലത്തെത്തിയ എസ്ഐ പി.എസ്.അനീഷ് ജോണ് മാത്യുവിന്റെ പോക്കറ്റിൽനിന്നു ഫോണ് എടുത്തു മകന്റെ നന്പറിൽ വിളിച്ചുവരുത്തി. മകൻ ബെൻ ആൻഡ്രൂസ് ഉടൻ സ്ഥലത്ത് എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തുടർന്നു മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. മണർകാട് പോലീസ് മേൽനടപടികൾ സ്വീകരിക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.