മണർകാട്: മണർകാട് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പോലീസ് കൊണ്ടുവന്ന പരിഷ്കാരം ഫലം കണ്ടു തുടങ്ങിയപ്പോൾ മറ്റൊരു വിഷയം പോലീസിനെ അലട്ടുന്നു. ബൈപാസ് റോഡിന്റെ ശോചനീയാവസ്ഥയാണ് പോലീസിനെ അലട്ടുന്നത്. അടുത്തിടെയാണ് ബൈപാസ് റോഡ് നന്നാക്കിയത്. പക്ഷേ പരിഷ്കാരത്തിന്റെ ഭാഗമായി ഇതുവഴി കൂടുതൽ വാഹനങ്ങൾ ഒാടിത്തുടങ്ങിയതോടെ റോഡ് തകർന്നു തരിപ്പണമായി. ബൈ പാസ് റോഡ് തകർന്നതിനെക്കുറിച്ച് വിജിലൻസ് പരിശോധനയും നടന്നിരുന്നു.
ബൈപാസ് റോഡ് നന്നാക്കുന്നതിൽ പഞ്ചായത്ത് അലംഭാവം കാട്ടുകയാണെന്ന് പരാതി ഉയർന്നിരുന്നു. പോലീസ് നടത്തിയ ഗതാഗത പരിഷ്കാരത്തോട് പഞ്ചായത്തിന് അത്ര താല്പര്യമില്ലെന്നാണ് അറിയുന്നത്. പരിഷ്കാരത്തിന്റെ ഭാഗമായി ടൗണിലെ ചില ഏരിയകളിൽ കച്ചവടം കുറഞ്ഞതായി വ്യാപാരികൾക്കും പരാതിയുണ്ട്.
റോഡ് നന്നാക്കണമെന്ന പോലീസ് ആവശ്യത്തോട് ഇപ്പോൾ പഞ്ചായത്ത് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. റോഡ് നന്നാക്കാൻ ബൈപാസ് റോഡ് താത്കാലികമായി അടച്ചിടാനാണ് പഞ്ചായത്ത് തീരുമാനം. ഈ തീരുമാനം കളക്ടറെ പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.
പക്ഷേ ബൈപാസ് റോഡ് അടച്ചിട്ടാൽ നിലവിലെ ഗതാഗത പരിഷ്കാരം പാളുമെന്നതാണ് പോലീസിനിപ്പോൾ തലവേദനയാകുന്നത്. റോഡ് അടച്ചിടാതെ ഭാഗികമായെങ്കിലും തുറന്നുകൊടുത്ത് ടാറിംഗ് നടത്തണമെന്നാണ് പോലീസിന്റെ ആവശ്യം.
റോഡ് താത്കാലികമായി അടച്ചിട്ട് ടാറിംഗ് നടത്തുന്നത് ഒറ്റ നോട്ടത്തിൽ വലിയ പ്രശ്നമൊന്നും ഇല്ലെങ്കിലും താത്കാലികം എന്ന സന്പ്രദായം സ്ഥിരമാക്കാൻ അണിയറയിൽ ചരടുവലികൾ നടക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാൽ പോലീസിന്റെ ഗതാഗത പരിഷ്കാരം അവിടെ അവസാനിക്കും.