സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. തന്റെ മകന് കേന്ദ്ര അന്വേഷണ ഏജൻസിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി ഒരു ടാക്സി ഡ്രൈവറെ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു.
സി.ബി.ഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ഡ്രൈവറെ തെറ്റ് ധരിപ്പിച്ചാണ് പ്രതി ടാക്സിയിൽ സഞ്ചരിച്ചത് . റെയ്ഡ് നടത്തി ആളുകളെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ഇയാൾ വീമ്പിളക്കുന്നത് ഡ്രൈവർ കേട്ടു.
ഇയാളുടെ സംസാരത്തിൽ ആകൃഷ്ടനായ ഡ്രൈവർ സിബിഐയിലെ ജോലികളെക്കുറിച്ച് അന്വേഷിച്ചു. സംഭാഷണത്തിനിടെ ഡ്രൈവറുടെ മകന് ഒരു ലക്ഷം രൂപയ്ക്ക് സിബിഐയിൽ ജോലി നൽകാമെന്ന് പ്രതി പറഞ്ഞു.
ശേഷം ഇയാൾക്ക് 15,000 രൂപ നൽകുകയും ബാക്കി തുക പിന്നീട് നൽകാമെന്ന് പറയുകയും ചെയ്തു. എന്നാൽ ആളെ ഇറക്കിവിട്ടതോടെ സംശയം തോന്നിയ ഡ്രൈവർ മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു.
തുടർന്ന് ബാക്കി തുക വാങ്ങാൻ എത്തിയപ്പോൾ പ്രതിയെ പിടികൂടുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.