കൊച്ചി: ഡെന്റൽ ഡോക്ടറായ മാനസയെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി വെടിവച്ചു കൊന്ന സംഭവത്തിൽ രാഖിൽ എത്തിയത് കൊലപാതകം നടത്തണമെന്നുറച്ച്. മാനസ താമസിച്ചിരുന്ന സ്ഥലത്തുനിന്നും 100 മീറ്റർ മാറി വാടകയ്ക്കു മുറിയെടുത്ത് പെൺകുട്ടിയെ നിരീക്ഷിച്ചു വരികയായിരുന്നു രാഖിൽ.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സര്‍ജനായി പ്രാക്ടീസ് ചെയ്തിരുന്ന മാനസ വാടകക്കെട്ടിടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം താമസമാക്കിയിട്ട് ഒരു വര്‍ഷമായി.കഴിഞ്ഞ നാലിനാണ് ഇയാൾ മാനസയുടെ താമസ സ്ഥലത്തെത്തിയത്. കൊല നടത്താനുള്ള ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ കണ്ണൂരില്‍നിന്ന് എത്തിയതെന്നാണു പോലീസ് വ്യക്തമാക്കുന്നത്.
മകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് തലശേരി പോലീസില്‍ നേരത്തേ രാഖിലിനെതിരേ മാനസയുടെ പിതാവ് പരാതി നല്‍കിയിരുന്നു. ഇനി പ്രശ്നമുണ്ടാകില്ലെന്നു രാഖില്‍ ഉറപ്പുനല്കിയതിനാല് കേസെടുക്കാതെ ഒത്തുതീര്പ്പാക്കിയിരുന്നതായി പോലീസ് പറഞ്ഞു.
കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്താണു രാഖില്‍ നെല്ലിക്കുഴിയിലെത്തിയതെന്നാണ് നാട്ടുകാരുടെയു പോലീസിന്റെയും പ്രാഥമിക നിഗമനം.പ്ലൈവുഡ് കമ്പനി സെയില്‍സ് എക്സിക്യൂട്ടിവെന്ന് പരിചയപ്പെടുത്തിയാണു മുറിയെടുത്തത്. നാല് ദിവസം കഴിഞ്ഞ് മടങ്ങിയ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആലുവ മേഖലയില്‍ സെയില്‍സിനായി പോയിരിക്കുകയാണെന്നാണു പറഞ്ഞത്.
സമീപമുറിയില്‍ താമസിക്കുന്നവരുമായി പരിചയപ്പെട്ടിരുന്നെങ്കിലും കൂടുതല്‍ അടുപ്പം സ്ഥാപിച്ചിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇയാള്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു കോളജില്‍നിന്നു മാനസ മടങ്ങിയത് നിരീക്ഷിച്ചശേഷമാണു കൊലപാതകം നടത്തിയതെന്നാണു നിഗമനം.
മാനസയെ രാഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്നശേഷം
കൊച്ചി: മാനസയെ രാഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്ന ശേഷമെന്ന് രഖിലിന്റെ സഹോദരൻ. പോലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ രാഖിൽ തയാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് രാഖിലിനെ തളർത്തിയെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.
ജീവിതം തകർന്നെന്ന് തനിക്ക് രാഖിൽ മെസേജ് അയച്ചിരുന്നെന്നും. സഹോദരൻ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.കൊലപാതകത്തിന് അടുത്ത ദിവസങ്ങളിൽ രാഖിൽ നാല് തവണ മാനസയോട് സംസാരിച്ചുവെന്ന് രഖിലിന്റെ കമ്പനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യൻ പറഞ്ഞു.
മാനസ അവഗണിച്ചതോടെ രഖിലിന് പകയായി. രാഖിലിന് കൗൺസിലിംഗ് നൽകണമെന്ന് കുടുംബത്തെ താൻ അറിയിച്ചിരുന്നുവെന്നും ആദിത്യൻ വ്യക്തമാക്കി.എന്നാൽ മാനസയുമായുള്ള സൗഹൃദം തകർന്നതിൽ മാനസീക പ്രയാസങ്ങൾ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാൻ രഖിൽ ശ്രമിച്ചിരുന്നതായാണ് വിവരം. മറ്റൊരു വിവാഹം ആലോചിക്കാൻ തയ്യാറാണെന്നും ഇയാൾ കുടുംബത്തെ അറിയിച്ചിരുന്നു.
കൊലപാതകം ഉച്ചയൂണ് കഴിക്കുന്നതിനിടെ
കൊച്ചി: കൂട്ടുകാര്‍ക്കൊപ്പം താമസസ്ഥലത്ത് മാനസ ഉച്ചയൂണുകഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തോക്കുമായി ഘാതകനായി രാഖിലെത്തിയത്. രാഖിലിനെ കണ്ട മാനസ ഞെട്ടിയെഴുന്നേറ്റ് നീയെന്തിന് ഇവിടെ വന്നു എന്നു ചോദിച്ചു. ഇതിനു മറുപടി പറയാതെ മാനസയെ പിടിച്ചുവലിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി വാതിലടച്ചു.
മാനസയ്ക്കു പുറമെ മൂന്നു പേരാണ് സ്ഥലത്തുണ്ടായിരുന്നത്.ഇവരുടെ കരച്ചില് കേട്ട് താഴത്തെനിലയില്‍ താമസിക്കുന്ന കെട്ടിടമുടമയും സമീപവാസികളും ഓടിയെത്തും മുന്‍പേ മുറിയില്‍നിന്നു വെടിയൊച്ചകള്‍ ഉയര്‍ന്നു. ആദ്യം രണ്ടു വെടിയൊച്ചയും പിന്നാലെ ഒരു വെടിശബ്ദവും കേട്ടതായി കൂട്ടുകാരികള്‍ പറഞ്ഞു.
കെട്ടിടമുടമയും നാട്ടുകാരും ചേര്‍ന്നു വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ മാനസയ്ക്കു ജീവനുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിച്ചു.
പിന്നില്‍ പ്രണയനൈരാശ്യം? മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും അന്വേഷണം
കൊച്ചി: കൊലപാതകത്തിനു പിന്നില്‍ പ്രണയനൈരാശ്യമാണെന്നാണു പോലീസില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍. നേരത്തെ ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തപ്പോള്‍ പോലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയിരുന്നു.
പിന്നീടുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പോലീസ് നിഗമനം. കൊലപാതകത്തില്‍ രാഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ചുവരികയാണു പോലീസ്. കണ്ണൂരിലെത്തി ഇയാളുടെ സുഹൃത്തുക്കളുടെ അടുക്കലില്നിന്ന് ഉള്‍പ്പെടെ വിവരങ്ങള്‍ തേടും.
മാനസ രണ്ടു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇവ രണ്ടും പോലീസ് പരിശോധിക്കും. ഇതിലേക്കു വന്ന കോളുകളും രാഖിലിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങളും പരിശോധിച്ചാല്‍ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
മാനസയെ രാഖിൽ ക്ലോസ് റേഞ്ചിലാണു വെടിവച്ചത്. ചെവിക്കുപിന്നിലും വെടിയേറ്റ മാനസ ഉടന്‍ തന്നെ നിലത്തു വീണു. തുടർന്ന് നെഞ്ചിലും വെടിവച്ചു. രാഖിൽ സ്വയം തലയിൽ വെടിയുതിര്‍ത്തു മരിക്കുകയായിരുന്നു.
രണ്ടു മാസം മുന്‍പാണ് മാനസ അവസാനമായി കണ്ണൂരിലെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടിലേക്കു ഫോണ്‍ വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നു. പിന്നാലെയാണു മരണം.