ആലുവ: കോതമംഗലം നെല്ലിക്കുഴി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജനായിരുന്ന പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്ത രഖിലിനു തോക്ക് കൈമാറിയ പ്രതികളിലൊരാളായ ബീഹാര്‍ സ്വദേശി സോനുകുമാര്‍ ഇരുപതിലധികം തോക്കുകള്‍ കേരളത്തിലെത്തിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.
ഇതിലധികവും കടത്തിയിട്ടുള്ളത് കണ്ണൂര്‍ സംഘങ്ങള്‍ക്കു വേണ്ടിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. കള്ളത്തോക്കുകള്‍ കടത്തുന്ന സംഘത്തിലെ അംഗമായ സോനുകുമാറിന് കേരളവുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു.
ഇയാളുടെ ഫോണില്‍ നിന്നും നിന്നും മലയാളികളുടേതെന്നു സംശയിക്കുന്ന നമ്പറുകളും ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. തോക്കിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ കൂടുതല്‍ പ്രതികള്‍ കുടുങ്ങാനാണ് സാധ്യത.
പ്രതികളെ ബീഹാറിൽനിന്നും പിടികൂടി ഇന്നലെ ആലുവയിലെത്തിച്ച് റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
മനീഷ് കുമാർ ഷാർപ്പ് ഷൂട്ടർ
രഖിലിനു തോക്ക് വില്പന നടത്തിയ ബിഹാർ സ്വദേശികളായ സോനുകുമാറും ഇടനിലക്കാരനും തോക്ക് പരിശീലകനുമായ മനീഷ് കുമാറുമാണ് റൂറൽ പോലീസിന്റെ പിടിയിലായത്.
ഇന്നലെ ഇരുവരെയും ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്പി ചോദ്യം ചെയ്തിരുന്നു. ഷാർപ്പ് ഷൂട്ടറായ മനീഷ് കുമാർ ജീവനൊടുക്കിയ രഖിലിനെ തോക്കുപയോഗിക്കാൻ പരിശീലിപ്പിക്കുന്നതെന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
വിജനമായ കാടുകളിൽ പരിശീലനം
ബീഹാറിലെ തോക്കുകളുടെ താവളമെന്നറിയപ്പെടുന്ന മുൻഗർ ജില്ലയിലെ ഇടപാടുകാരിൽ പ്രധാനികളാണ് പിടിയിലായ പ്രതികൾ.
ഇവരിൽനിന്നും തോക്കു വാങ്ങിയാൽ വിജനമായ കാടുകളിൽ കൊണ്ടുപോയി വിദഗ്ധ പരിശീലനം സൗജന്യമാണ്. ഈ ഉറപ്പിലാണ് റൊക്കം പണം കൊടുത്ത് രാഖിൽ ഇവരിൽ നിന്നും തോക്ക് വാങ്ങിയത്.
തോക്കുമായി കേരളത്തിലേക്ക് കടക്കാനുള്ള സഹായവും ബീഹാറി സംഘം ചെയ്തു കൊടുത്തിരുന്നു.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിന് ശേഷമായിരിക്കും തെളിവെടുപ്പും മറ്റും നടത്തുക.