കൊച്ചി: നെല്ലിക്കുഴിയില്‍ ബിഡിഎസ് വനിതാ ഡോക്ടര്‍ മാനസയുടെ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് സംബന്ധിച്ച് വിശദ അന്വേഷണത്തിനു പോലീസ്.കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇന്നു ബാലസ്റ്റിക് വിദഗ്ദരെത്തി പരിശോധന നടത്തും.
കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്ത രാഖിലിനു ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കോതമംഗലത്തിനു സമീപം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജനായി പ്രാക്ടീസ് ചെയ്തിരുന്ന കണ്ണൂര്‍ നാറാത്ത് രണ്ടാംമൈല്‍ പാര്‍വണം വീട്ടില്‍ പി.വി. മാനസ (24) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
യുവതിയുടെ മുന്‍ സുഹൃത്തായ കണ്ണൂര്‍ പാലയാട് മേലൂര്‍ രാഹുല്‍നിവാസില്‍ രാഖില്‍ പി. രഘൂത്തമന് (31) ആണ് കൊല നടത്തിയശേഷം ജീവനൊടുക്കിയത്. ഇരുവരുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
ഉപയോഗിച്ചത് 7.62 എംഎം റൈഫിൾ
പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എംഎം റൈഫിൾ ആണെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കണ്ണൂർ സ്വദേശിയായതിനാൽ മംഗലാപുരം ഭാഗത്തുനിന്നോ കണ്ണൂരിൽനിന്ന് തന്നെയാണോ തോക്ക് സംഘടിപ്പിച്ചതെന്നാണ് അന്വേഷിക്കുന്നത്.
60,000 രൂപ മുതൽ 70,000 രൂപ വരെ വില വരുന്നതാണ് ഇത്തരം തോക്കുകൾ. ഒറ്റത്തവണ പത്ത് റൗണ്ട് വരെ ഷൂട്ട് ചെയ്യാനാവും. സെക്കൻഡ് വ്യത്യാസത്തിൽ വീണ്ടും വെടിയുതിർക്കാനുമാകും. ലൈസൻസോടെയാണ് ഇത്തരം തോക്കുകൾ വിൽക്കുന്നതെങ്കിലും കള്ളത്തോക്കായും ഇവ ലഭിക്കുന്നുണ്ട്. മംഗലാപുരം കേന്ദ്രീകരിച്ചുള്ള മാഫിയകളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
തോക്ക് കിട്ടിയത് ഓൺലൈൻ വഴിയോ
ഓണ്‍ ലൈന്‍ വഴി പിസ്റ്റളുകള്‍ വില്പന നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ നിരവധി പേര് കണ്ണൂര്‍ ജില്ലയില്‍ തന്നെ പിസ്റ്റളുകള്‍ കൈവശപ്പെടുത്തിയതായും സൂചനയുണ്ട്. ഇത്തരക്കാരില്‍നിന്നും സംഘടിപ്പിച്ചതാണോ അതോ ഓണ്‍ലൈനിലൂടെ വാങ്ങിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രത്യേക അന്വേഷണസംഘം
എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തികിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതിനായി പ്രത്യേക സംഘത്തെ തന്നെ രൂപീകരിച്ചു.
കൊലപാതകം ലക്ഷ്യം വച്ചാണ് ഇയാള്‍ കണ്ണൂരില്‍നിന്ന് എത്തിയതെന്നാണു പോലീസ് കരുതുന്നത്. മാനസയുടെ കോളജിലേക്കുള്ള വരവും പോക്കും നിരീക്ഷിച്ചു മനസിലാക്കിയശേഷം ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു.
കൊലപാതകം നടത്താനായി പ്രതിക്ക് മറ്റാരെങ്കിലും സഹായം നൽകിയിരുന്നോ എന്നും തോക്ക് നൽകിയത് സുഹൃത്തുക്കൾ ആരെങ്കിലുമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൊല്ലപ്പെട്ട മാനസയ്ക്ക് രണ്ട് മൊബൈൽ ഫോണുകളാണ് ഉണ്ടായിരുന്നത്. ഇവയുടെ വിശദാംശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
മാനസയ്ക്ക് വെടിയേറ്റത് തലയ്ക്കും നെഞ്ചിനും
ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന് ഡെന്റല്‍ കോളജിനു സമീപം കാപ്പ്ചാലില് യൂസഫിന്റെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം മാനസ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അക്രമിയെത്തിയത്.
വന്നയുടന്‍ യുവതിയെ തൊട്ടടുത്ത മുറിയിലേക്കു ബലമായി കൊണ്ടുപോയി വാതിലടച്ചശേഷം കൈയില്‍ കരുതിയ പിസ്റ്റള്‍ ഉപയോഗിച്ചു വെടിയുതിര്‍ക്കുകയായിരുന്നു. മാനസയുടെ തലയിലും നെഞ്ചിലും വെടിയേറ്റു. രാഖില്‍ സ്വയം തലയ്ക്കാണ് വെടിവച്ചത്.
വെടിയൊച്ചയും കരച്ചിലും കേട്ടു താഴത്തെനിലയില്‍ താമസിക്കുന്ന ഹോസ്റ്റല്‍ ഉടമയും സമീപവാസികളും ഓടിയെത്തി വാതില്‍ തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ചപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ചനിലയിലായിരുന്നു.
ജീവനുണ്ടെന്നു തോന്നിയതിനാല്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഇന്ദിരാഗാന്ധി കോളജില്‍ ബിഡിഎസ് പഠനത്തിനുശേഷം ഇവിടെത്തന്നെ ഹൗസ് സര്‍ജനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മാനസ.