കൊച്ചി: കോതമംഗലം മാനസ കൊലപാതകത്തിൽ പ്രതി രാഖിലിന് തോക്ക് നൽകിയ ആളെ ബിഹാറിൽനിന്നും പിടികൂടി. ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയാണ് (21) അറസ്റ്റിലായത്. കോതമംഗലം പോലീസ് ബിഹാറിൽ എത്തിയാണ് ഇയാളെ പിടികൂടിയത്.
രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ബിഹാർ പോലീസിന്റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സോനു കുമാറിനെ മുൻഗർ ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയും കോതമംഗലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്റ് ലഭിക്കുകയും ചെയ്തു.
സോനുവിനെ ഞായറാഴ്ച കേരളത്തിലെത്തിക്കും. പ്രതിയുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. രാഖിലിന്റെ സുഹൃത്തിൽ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. രാഖിലിനെ പാറ്റ്നയിൽ നിന്ന് മുൻഗറിൽ എത്തിച്ച ടാക്സി ഡ്രൈവറെ പോലീസ് തെരയുന്നുണ്ട്.