കൊച്ചി:നെല്ലിക്കുഴിയില്‍ ഡെന്റൽ വിഭാഗം ഹൗസ് സര്ജന് ഡോ. മാനസയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികൾ ചില്ലറക്കാരല്ല.
മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് ആത്മഹത്യചെയ്ത രാഖിലിനു നല്‍കിയത് ഇരുവരും ചേര്‍ന്നാണെന്നു പോലീസ് വ്യക്തമാക്കുന്നു.
രാഖിലിന് തോക്ക് ലഭിച്ചത് ബീഹാറില്നിന്നാണെന്നു തിരിച്ചറിഞ്ഞതോടെ പോലീസ് നീക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു.
എഡിജിപി വിജയ് സാഖറെ, ഐജി ഹര്‍ഷിത അട്ടല്ലൂരി, ഡിഐജി നീരജ്കുമാര്‍ ഗുപ്ത, എസ്പി കെ. കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റിനുള്ള പദ്ധതി തയാറാക്കിയത്.
ബീഹാര്‍ മുന്ഗര് ജില്ലയിലെ പര്‍സന്തോ ഗ്രാമത്തില്‍ സോനുകുമാര്‍(22), ബര്‍സാദ് സ്വദേശി മനീഷ്കുമാര്‍ വര്‍മ്മ(21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കടയിലെത്തി സോനുവിനെ പൊക്കി
ഈ മാസം രണ്ടിനു കേരളത്തില്‍നിന്ന് പോലീസ് സംഘം പുറപ്പെട്ടു. നാലിന് ബീഹാറില്‍ എത്തിച്ചേര്‍ന്നു.
ബീഹാര്‍ പോലീസുമായി ചേര്‍ന്നു പട്ടണത്തില്‍നിന്നു 100 കിലോമീറ്റര്‍ ദൂരെയുള്ള ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ പർസന്തോ ഗ്രാമത്തില്‍നിന്നാണു സോനുവിനെ പിടികൂടിയത്.
ഇയാള്ക്കവിടെ ഓണ്‍ലൈന്‍ പണ ഇടപാടിന്റെ ഏര്‍പ്പാടായിരുന്നു. പർസന്തോയിലെ സഞ്ചരിക്കുന്ന എടിഎം ആയിരുന്നു സോനുകുമാർ.
കേരളത്തിൽ ജോലി ചെയ്യുന്ന പ്രദേശവാസികളുടെ ഗ്രാമത്തിലുള്ള വീടുകളിലേക്ക് പണം എത്തിച്ചിരുന്നത് സോനുവായിരുന്നു. അതുകൊണ്ടുതന്നെ ഇയാൾ ഗ്രാമത്തിലുള്ളവരുടെ വിശ്വസ്ഥനായി മാറി.
വീടിനോടു ചേര്‍ന്നു സ്റ്റേഷനറിക്കടയും ഉണ്ടായിരുന്നു. കടയില്‍ സാധനങ്ങള്‍ വാങ്ങാനെന്ന രീതിയില്‍ ചെന്നാണു സോനുവിനെ പിടികൂടിയത്.
വണ്ടിയില്‍ കൊണ്ടുവരുന്ന വഴിയില്‍ ബൈക്കിലെത്തിയ സംഘം ഇവരെ ആക്രമിക്കാനും ശ്രമിച്ചു.
സാഹസികമായി ചെറുത്തുനിന്നാണു പ്രതിയെ പോലീസ് സ്റ്റേഷനിലെത്തിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
തോക്കുകൾ സംബന്ധിച്ച് അന്വേഷണം
പാറ്റ്നയില്‍ കഴിയുകയായിരുന്ന ഇടനിലക്കാരന് മനേഷിനെ കാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനെന്ന രീതിയിലാണു പിടികൂടിയത്.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ബീഹാര്‍ പോലീസിന്റെ ക്രിയാത്മക സഹകരണം ഉണ്ടായിരുന്നതായി എസ്പി കാര്‍ത്തിക് പറഞ്ഞു.
ഇരുവരെയും നാട്ടിലെത്തിച്ചശേഷം കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇതിനുമുമ്പായി പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. വിരലടയാളങ്ങളും ശേഖരിച്ചു.
പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയശേഷം കൂടുതല്‍ ചോദ്യം ചെയ്യാനാണു പോലീസ് തീരുമാനം. കേരളത്തിലേക്കു കൂടുതല്‍ തോക്കുകള്‍ ഇവര്‍ വഴിയെത്തിയിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.