കണ്ണുനീരിനും മധുരം, കടാക്ഷം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ച മാനസ രാധാകൃഷ്ണന്‍ നായികയാകുന്ന ആദ്യ മലയാളചിത്രമാണ് പോളേട്ടന്റെ വീട്. രാഷ്ട്രീയനേതാവും നടനുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താനാണു നായകന്‍. സണ്ടിക്കുതിരൈ, ബലശാലി തുടങ്ങിയ തമിഴ്ചിത്രങ്ങളിലും മാനസ നായികയായിരുന്നു. ക്രോസ് റോഡാണ് മാനസയുടെ അടുത്ത റിലീസ്. ദിലീപ് നാരായണന്‍ സംവിധാനം ചെയ്ത പോളേട്ടന്റെ വീട്ടില്‍ സാറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാനസയുടെ സിനിമാവിശേഷങ്ങളിലേക്ക്…
സിനിമയിലേക്കുള്ള വഴി..?
ചൈല്‍ഡ് ആര്‍ട്ടിസ്റ്റായിട്ടാണു തുടക്കം. രഘുനാഥ് പലേരിയുടെ കണ്ണുനീരിനും മധുരം എന്ന ചിത്രത്തില്‍; ഭാമ, ഇന്ദ്രജിത്ത് തുടങ്ങിയവരൊക്കെ അഭിനയിച്ച പടം. ശശി പരവൂര്‍ സംവിധാനം ചെയ്ത കടാക്ഷം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചിട്ടുണ്ട്. ദുബായില്‍ പഠിച്ചു കൊണ്ടിരിക്കവെയാണ് ആ പടം ചെയ്തത്.
വില്ലാളിവീരനില്‍ ദിലീപിന്റെ സഹോദരിയുടെ മകളായി അഭിനയിച്ചു. ആദ്യമായി നായികയായതു തമിഴ് ത്രില്ലര്‍ സണ്ടിക്കുതിരൈയില്‍. രാജ്കമല്‍ ആയിരുന്നു നായകന്‍. ഗ്രാമത്തില്‍ നടക്കുന്ന കഥയാണ്. തമിഴില്‍ വില്ലേജ് സ്‌റ്റോറിക്കു ലഭിക്കുന്ന സപ്പോര്‍ട്ട് ആ ചിത്രത്തിനും ലഭിച്ചു. നല്ല റിവ്യൂസാണു കിട്ടിയത്. കഴിഞ്ഞ ഓഗസ്റ്റ് 6 നായിരുന്നു റിലീസിംഗ്.
പോളേട്ടന്റെ വീട്ടിലേക്കുള്ള വഴി..?
സണ്ടിക്കുതിരൈ കണ്ട ഒരു ആര്‍ട്ടിസ്റ്റ് കോഓര്‍ഡിനേറ്റര്‍ വഴിയാണ് പോളേട്ടന്റെ വീട്ടിലെത്തിയത്. സാറ എന്നാണ് ഇതില്‍ എന്റെ കഥാപാത്രത്തിന്റെ പേര്. കോളജില്‍ പഠിക്കുന്ന കുട്ടി. അവളുടെ അച്ഛന്‍ പോളേട്ടന്‍ വലിയ പിശുക്കനാണ്. അതിനെചൊല്ലിയുള്ള നിരാശകളും അച്ഛനു സ്‌നേഹമില്ലെന്നു തോന്നുന്നതുമെല്ലാം സാറയെ വിഷമിപ്പിക്കുന്നു. പക്ഷേ, വീട്ടില്‍ നിന്നു കിട്ടാത്തതെല്ലാം കോളജിലെ അമല്‍ എന്ന കഥാപാത്രത്തില്‍ നിന്നു കിട്ടിത്തുടങ്ങുന്നതോടെ അവര്‍ തമ്മില്‍ റിലേഷന്‍ഷിപ്പിലെത്തുന്നു. അതിന്റെ പരിണിതഫലങ്ങളാണ് സാറയെ മുന്നോട്ടുകൊണ്ടുപോകുന്നത്.
സാറയ്ക്ക് ആവശ്യമുള്ളതെല്ലാം അമലാണു വാങ്ങിക്കൊടുക്കുന്നത്. അമല്‍ ചെയ്ത കഥാപാത്രത്തിന്റെ അച്ഛന്‍ ദുബായിക്കാരനാണ്. മക്കള്‍ക്കു ധാരാളം പണം നല്കുന്നതാണ് അയാളുടെ ശീലം. എന്റെ കഥാപാത്രത്തിനു നേര്‍വിപരീത സാഹചര്യത്തിലാണ് അമലിന്റെ കഥാപാത്രം വളരുന്നത്.
പോളേട്ടന്റെ വീട് എന്ന സിനിമയുടെ പ്രത്യേകതകള്‍..?
ഫാമിലി എന്റര്‍ടെയ്‌നറാണ്. പ്രായമുള്ളവര്‍ക്ക് രസിക്കുന്ന ഫാമിലി സെന്റിമെന്റ്‌സുണ്ട്. യൂത്തിന് ഇഷ്ടമാകുന്ന തരത്തിലുള്ള കോളജ് ലൗ സ്‌റ്റോറിയുണ്ട്. നല്ല പാട്ടുകളുണ്ട്.
പോളേട്ടന്റെ വീടിന്റെ മുഖ്യ പ്രമേയമെന്താണ്..?
ഒരാള്‍ പിശുക്കി ജീവിക്കുന്നതു പുറത്തുനിന്നു കാണുന്നവര്‍ക്ക് ചീത്ത സ്വഭാവമായിട്ടാവും തോന്നുക. കുടുംബത്തിലുള്ളവര്‍ക്കു തന്നെ അതിന്റെ നിരാശയുണ്ടാവും. പക്ഷേ, അങ്ങനെ പിശുക്കുന്നതിലൂടെ ഗുണപരമായി സാധ്യമാകുന്നത് എന്താണെന്നു പോളേട്ടന്റെ വീട് എന്ന സിനിമ പറയുന്നുണ്ട്. പോളേട്ടന്‍ ചെയ്യുന്ന നന്മയെക്കുറിച്ചാണ് ഈ സിനിമ.
നായകന്‍ അമലിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍..?
ഷൂട്ടിനു വന്നപ്പോഴാണ് അമലിനെ ആദ്യമായി പരിചയപ്പെട്ടത്. രാഷ്്ട്രീയനേതാവും നടനുമൊക്കെയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സാറിന്റെ മകനൊപ്പം അഭിനയിക്കാനായി എന്നുള്ളത് എനിക്കു നല്ല പ്ലസ് പോയിന്റായിട്ടാണു തോന്നിയത്. കാരക്ടറിന്റെ പേരും അമല്‍ എന്നുതന്നെയാണ്. നല്ല ജോളി ടൈപ്പാണ്. സപ്പോര്‍ട്ടീവാണ്.
ഞങ്ങള്‍ രണ്ടുപേരും പുതുമുഖങ്ങള്‍ ആയതിനാല്‍ ഷോട്ടിനു മുമ്പായി സീന്‍ വായിച്ചുനോക്കി ഡിസ്കസ് ചെയ്തിരുന്നു. അവസാനം പരസ്പരധാരണയിലെത്തിയ ശേഷം ഷോട്ടിലേക്കു പോകുന്ന രിതിയാണു സ്വീകരിച്ചത്. അമല്‍ എന്നെ നന്നായി മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
ടൈറ്റില്‍ കഥാപാത്രം പോളേട്ടനായി അഭിനയിക്കുന്നത്..?
ടൈറ്റില്‍ കാരക്ടര്‍ പോളേട്ടനാണു സാറയുടെ അച്ഛന്‍. സായികുമാര്‍ അങ്കിളാണ് ആ റോളില്‍ വരുന്നത്. ഞങ്ങള്‍ പുതുമുഖങ്ങളായതിനാല്‍ ഷോട്ടിനിടെ എക്‌സ്ട്രാ ടേക്കിലേക്കു പോകുമ്പോഴും മറ്റും അദ്ദേഹം ദേഷ്യപ്പെടില്ലായിരുന്നു. ലൈറ്റിനും കാമറയ്ക്കുമനുസരിച്ച് പെരുമാറുന്നതിനുള്ള ചില ട്രിക്‌സ് പറഞ്ഞുതന്നിരുന്നു. വീടിന്റെ പശ്ചാത്തലത്തിലുള്ള സീനുകളിലെല്ലാം ഞങ്ങള്‍ തമ്മില്‍ കോംബിനേഷനുകള്‍ വരുന്നുണ്ട്.
പോളേട്ടന്റെ വീട്ടിലെ മറ്റ് അഭിനേതാക്കളെക്കുറിച്ച്…?
കെപിഎസി ലളിതയാണ് പോളേട്ടന്റെ അമ്മവേഷത്തിലെത്തുന്നത്. എന്റെ കഥാപാത്രത്തിന്റെ അമ്മവേഷം ചെയ്തിരിക്കുന്നതു സീമ ജി. നായര്‍. കലാശാല ബാബു, സുധീര്‍ കരമന, ടോണി, നിയാസ്, കുളപ്പുള്ളി ലീല, മുന്‍ഷിവേണു തുടങ്ങിയവരും പോളേട്ടന്റെ വീട്ടിലെ വിവിധ കഥാപാത്രങ്ങളാകുന്നു. കുറേ വലിയ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിക്കാനായി. ലിഷോയ് എന്ന ആര്‍ട്ടിസ്റ്റാണ് അമലിന്റെ അച്ഛനായി വേഷമിടുന്നത്.
സംവിധായകന്‍, നിര്‍മാതാവ് എന്നിവരെക്കുറിച്ച്…?
ഡയറക്ടര്‍ ദിലീപ് നാരായണന്‍ സാറിന്റെ ആദ്യ ചിത്രമാണിത്. പുതുമുഖങ്ങളായതിനാല്‍ ചില കാര്യങ്ങള്‍ മനസിലാക്കാന്‍ പലപ്പോഴും ഞങ്ങള്‍ക്കു കുറേ സമയം വേണ്ടിവന്നു. അപ്പോഴെല്ലാം ദിലീപ് സര്‍ അതു കൃത്യമായി വിശദീകരിച്ചു തന്നിരുന്നു. ഓരോ ഷോട്ടും എങ്ങനെ ചെയ്യണമെന്നു കാണിച്ചുതന്ന് വളരെ സൗഹൃദപരമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ശ്രീരാമ ക്രിയേഷന്‍സിന്റെ ബാനറില്‍ സുകുമാരന്‍ വി. മാധവനാണു ചിത്രം നിര്‍മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെയും ആദ്യചിത്രമാണ്.
കെപിഎസി ലളിത, സുധീര്‍ കരമന തുടങ്ങിയവര്‍ക്കൊപ്പം..?
കെപിഎസി ലളിതാന്റി അധികം സംസാരിക്കില്ല. ഷോട്ട് കഴിഞ്ഞ് ആന്റി റസ്‌റ്റെടുക്കാന്‍ പോകും. ഞങ്ങളാരും അവിടെ അധികം ശല്യപ്പെടുത്താന്‍ പോവില്ലായിരുന്നു. വീട്ടിലെ സീനുകളിലെല്ലാം ഞങ്ങള്‍ക്കു കോംബിനേഷന്‍ വരുന്നുണ്ട്. സീമ ചേച്ചി ഏറെ ഫ്രണ്ട്‌ലി ആയിരുന്നു. ഞങ്ങള്‍ക്ക് ഏറെ ഹെല്‍പ് ചെയ്തിരുന്നു. സുധീര്‍ കരമനയുമായി എനിക്കു കോംബിനേഷന്‍ സീനുകളില്ല. പക്ഷേ, ഷോട്ടിനുശേഷമുള്ള ഇടനേരങ്ങളില്‍ നേരില്‍ കണ്ടിരുന്നു.
പോളേട്ടന്റെ വീട്: ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച്..?
സിനിമയുടെ മിക്ക സീനുകളും തൃശൂരാണു ഷൂട്ട് ചെയ്തത്. സോംഗ് മാത്രം ഉഡുപ്പിയില്‍; അവിടെ ദ്വീപുപോലെ ഒരു സ്ഥലത്ത്. അതൊക്കെ എനിക്കു പുതിയ അനുഭവങ്ങളായിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത സഥലങ്ങളൊക്കെ കാണാനായി. വീട്ടിലെ സീനുകളും കോളജ് സീനുകളുമെല്ലാം ജോളി ആയിരുന്നു. വര്‍ക്ക് ചെയ്യാന്‍ ഏറെ കംഫര്‍ട്ടബിളായ അന്തരീക്ഷമായിരുന്നു.
ടോളിവുഡ്, മോളിവുഡ് അനുഭവങ്ങള്‍ തമ്മിലുള്ള വ്യത്യാസം..?
തമിഴിലെയും മലയാളത്തിലെയും സെറ്റ് അനുഭവങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. മലയാളം നമ്മുടെ മാതൃഭാഷയാണല്ലോ. അതു മനസിലാക്കാനും അതുമായി ചേര്‍ന്നു നില്‍ക്കാനുമൊക്കെ എളുപ്പമാണ്. അതാണ് മലയാളം സെറ്റിലെ ഒരു നേട്ടം. തമിഴിലാകുമ്പോള്‍ കുറച്ചു സമയംകൂടി വേണ്ടിവരും. ഈ സിനിമയില്‍ ഞാന്‍ തന്നെയാണ് സാറയ്ക്കു ശബ്ദം നല്കിയത്.
തമിഴില്‍ ചെയ്യുന്ന ബലശാലി എന്ന ചിത്രത്തിലെ വിശേഷങ്ങള്‍..?
തമിഴിലില്‍ രണ്ടാമതു ചെയ്ത ചിത്രമാണു ബലശാലി. അതിന്റെ ഡബ്ബിംഗ് കഴിഞ്ഞു. സമുദ്രക്കനി സാറിന്റെ അസോസിയേറ്റായ ശിവ്കാര്‍ത്തികാണ് സംവിധാനം. തമിഴില്‍ ഞാന്‍ ശബ്ദം കൊടുക്കുന്ന ആദ്യചിത്രം കൂടിയാണിത്. കൊറിയോഗ്രാഫര്‍ സാന്‍ഡി മാസ്റ്റര്‍ നായകനാകുന്ന ആദ്യചിത്രമാണ്. കോമഡി സ്‌റ്റോറിയാണ്. കാണാന്‍ ഒട്ടും ചന്തമില്ലാത്ത ഒരാളാണ് സാന്‍ഡി ചെയ്യുന്ന കഥാപാത്രം. അയാള്‍ ബുദ്ധി ഉപയോഗിച്ച് എങ്ങനെ ബലശാലിയാകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. അതിന്റെ പാട്ടുകള്‍ കൂടി ഷൂട്ട് ചെയ്യാനുണ്ട്.
ബാലതാരത്തില്‍ നിന്നു നായികയിലെത്തിയപ്പോള്‍..?
ബാലതാരമായിരുന്നപ്പോള്‍ അഭിനയിക്കുന്നത് എളുപ്പമുള്ള സംഗതിയായിരുന്നു. എന്തു ചെയ്താലും ആളുകള്‍ അത് അംഗീകരിക്കും. വലിയ ടെന്‍ഷനില്ല. പക്ഷേ, ഒരു ലീഡ് കാരക്ടര്‍ ചെയ്യുമ്പോള്‍ അതിന്റേതായ ടെന്‍ഷനും ഉത്തരവാദിത്വവുമൊക്കെയുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളുടെ ടീം നല്ല സപ്പോര്‍ട്ടീവായിരുന്നു. എനിക്കു വേഗം മനസിലാകുന്ന തരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു.
അടുത്ത മലയാളം റിലീസ് ക്രോസ് റോഡിലെ വിശേഷങ്ങള്‍…?
അവാര്‍ഡ് ജേതാക്കളായ 10 സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ക്രോസ് റോഡ് എന്ന ചിത്രമാണ് മലയാളത്തില്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. അതില്‍ ബാബു തിരുവല്ല സംവിധാനം ചെയ്ത മൗനം എന്ന ചെറു സിനിമയിലാണ് ഞാന്‍ അഭിനയിച്ചത്. എല്ലാ സിനിമകളും പറയുന്നതു സ്ത്രീകേന്ദ്രീകൃത വിഷയങ്ങളാണ്. സ്ത്രീകള്‍ക്ക് എത്രത്തോളം സ്വാതന്ത്ര്യവും അവകാശങ്ങളുമൊക്കെയുണ്ടെന്നു പറഞ്ഞാലും ഒന്നും പൂര്‍ണമല്ലല്ലോ.
എല്ലാ സ്ത്രീകളുടെയും ജീവിതത്തില്‍ ഒരു ക്രോസ് റോഡ് വരില്ലേ. അതിനെക്കുറിച്ചാണ് ഇതിലെ എല്ലാ ചെറു സിനിമകളും പറയുന്നത്. അതില്‍ എന്റെ കഥാപാത്രം ഒരു ടീനേജറാണ്. ഫാമിലിയില്‍ ആത്മീയജീവിതത്തിനു പ്രാധാന്യം കൊടുക്കേണ്ടിവരുന്നതുമൂലം ആ പെണ്‍കുട്ടിക്ക് ടീനേജ് ലൈഫ് ബലികഴിച്ചു കന്യാസ്ത്രീ ആകേണ്ടിവരുന്നതാണു മൗനത്തിന്റെ പ്രമേയം. സീമ ജി. നായര്‍, അനുമോഹന്‍ തുടങ്ങിയവരുമുണ്ട്. സീമ ചേച്ചിയുമൊത്തു ചെയ്ത രണ്ടാമത്തെ പടമാണ് ക്രോസ്‌റോഡിലെ മൗനം.
സിനിമയില്‍ത്തന്നെ തുടരാനാണോ ആഗ്രഹം..?
പഠിത്തം ജിവിതത്തില്‍ വളരെ പ്രധാനമാണല്ലോ. ഡോക്ടറാകണമെന്ന ആഗ്രഹം ചെറുതിലേ മുതല്‍ ഉള്ളതാണ്. അതിനിടെയാണ് എനിക്കു സിനിമയിലെത്താനുള്ള ഭാഗ്യമുണ്ടായത്. സിനിമ എനിക്കു വലിയ പാഷനാണ്. വരുന്ന കാരക്ടേഴ്‌സ് എല്ലാം ചെയ്യും. റോളുകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഫാമിലിയാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. സ്ക്രിപ്റ്റ് കേള്‍ക്കും. ഇതുവരെ വന്ന കഥാപാത്രളൊന്നുംതന്നെ വലിയ കോംപ്ലിക്കേഷനുകള്‍ ഇല്ലാത്തതായിരുന്നു. അതിനാല്‍ വളരെവേഗം തീരുമാനമെടുക്കാനായി.
ഏതുതരം കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം..?
എനിക്ക് ഇതുവരെ കിട്ടിയ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ്. ആദ്യം പലേരിയങ്കിളിന്റെ പടത്തില്‍ അഭിനയിച്ചതു തന്നെ ബോംബ് സ്‌ഫോടനത്തില്‍ കാലു നഷ്ടപ്പെട്ട ഒരു കുട്ടിയായിട്ടാണ്. തമിഴിലും എന്റെ കാരക്ടറില്‍ നിന്നു പൂര്‍ണമായും വിപരീതസ്വഭാവമുള്ള വേഷമാണു കിട്ടിയത്. ഇതുപോലെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പുതിയ സിനിമകളുടെ ചര്‍ച്ചകള്‍ തുടരുന്നു.
സിനിമയ്ക്കപ്പുറമുള്ള ഇഷ്ടങ്ങള്‍..?
അഭിനയത്തിനപ്പുറം എനിക്കു ഡാന്‍ഡ് ചെയ്യാന്‍ ഇഷ്ടമാണ്. ഞാന്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്. ഗിറ്റാര്‍ വായിക്കും. ദുബായിലായിരുന്നപ്പോള്‍ ആശാശരത്തിന്റെ കൈരളി കലാകേന്ദ്രയിലാണു നൃത്തം അഭ്യസിച്ചത്.
സിനിമകള്‍ കാണുന്ന ശീലമുണ്ടോ..?
എല്ലാ ജോണറുകളിലുമുള്ള സിനിമകള്‍ കാണാറുണ്ട്. ത്രില്ലറും സസ്‌പെന്‍സുമാണ് എനിക്കു പ്രിയപ്പെട്ടത്. എന്നാലും എല്ലാ സിനിമകളും കാണാറുണ്ട്.
വീട്ടുവിശേഷങ്ങള്‍..?
പത്താം ക്ലാസുവരെ ദുബായിലായിരുന്നു പഠനം. 11ഉം 12 ഉം ചോയ്‌സ് സ്കൂളില്‍. 12 ാം ക്ലാസ് കഴിഞ്ഞു മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള തയാറെടുപ്പിലാണ്. അച്ഛന്‍ രാധാകൃഷ്ണന്‍ വി.കെ. ദുബായിലായിരുന്നു. എന്‍ജിനീയറാണ്. അമ്മ ശ്രീകല രാധാകൃഷ്ണന്‍ വീട്ടമ്മയാണ്. താമസം കൊച്ചിയില്‍.
ടി.ജി.ബൈജുനാഥ്