ഇടുക്കി: പള്ളിയിൽ വിവാഹച്ചടങ്ങിനിടെ കല്യാണത്തിനിഷ്ടമല്ലെന്ന പെണ്‍കുട്ടിയുടെ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലായി. രണ്ടാഴ്ചക്കു മുൻപ് ഹൈറേഞ്ചിലെ ഒരു പള്ളിയിൽ നടന്ന നാടകീയ സംഭവങ്ങളാണ് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. വരനെ വിവാഹം കഴിക്കാൻ സമ്മതമാണോയെന്ന ചോദ്യത്തിന് ചടങ്ങിനെത്തിയവരെ ഞെട്ടിച്ച് വധു ഇഷ്ടമല്ലെന്ന് തുറന്നടിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന സംഭവം.
വിവാഹം മുടങ്ങിയതോടെ വരന്റെയും വധുവിന്റെയും ഒപ്പമെത്തിയവർ തമ്മിൽ തർക്കമായതോടെ പ്രശ്നം വഷളാകാതിരിക്കാൻ പോലീസിനും ഇടപെടേണ്ടി വന്നു.ചടങ്ങിനെത്തിയവരെ സാക്ഷി നിർത്തി വികാരി ഇരുവരോടും വിവാഹത്തിന് സമ്മതമാണോയെന്ന ചോദ്യം ചോദിച്ചപ്പോഴായിരുന്നു പെണ്‍കുട്ടി സ്വന്തം വീട്ടുകാരെ പോലും മുൾമുനയിൽ നിർത്തിയ മറുപടി നൽകിയത്.
വിവാഹത്തിന് ഇഷ്ടമല്ലെന്ന യുവതിയുടെ മറുപടി ആദ്യം തമാശയാണെന്നാണ് ചടങ്ങിനെത്തിയവർ കരുതിയത്. എന്നാൽ വധു വീണ്ടും അഭിപ്രായത്തിൽ ഉറച്ചു നിന്നതോടെയാണ് കളി കാര്യമാണെന്നു വ്യക്തമായത്. ഇതിനിടെ വിവാഹത്തിന് ഒരുങ്ങിയെത്തിയ വരനും പരിഭ്രാന്തനായി. തുടർന്ന് വരനെ ബന്ധുക്കൾ പള്ളിയിൽ നിന്നും മാറ്റി നിർത്തി ആശ്വസിപ്പിച്ചു. ഒടുവിൽ ഇരു കൂട്ടരും തമ്മിൽ തർക്കമായി. യുവതിയുടെ വീട്ടുകാർ ചതിച്ചുവെന്നായിരുന്നു വരന്റെ വീട്ടുകാരുടെ ആരോപണം.
തർക്കം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി. പെണ്‍കുട്ടിയെ വനിത പോലീസിന്റെ അകന്പടിയോടെ സ്റ്റേഷനിലെത്തിച്ചു. പോലീസ് ഇരു കൂട്ടരുമായി ചർച്ച നടത്തിയെങ്കിലും നഷ്ടപരിഹാരം വേണമെന്ന നിലപാടിൽ വരന്റെ വീട്ടുകാർ ഉറച്ചു നിന്നു. ഇതിനിടെ പെണ്‍കുട്ടി തന്റെ നിലപാട് വെളിപ്പെടുത്തി. മറ്റൊരു യുവാവുമായി താൻ പ്രണയത്തിലായിരുന്നെന്നും ഇതു നേരത്തെ വീട്ടുകാരോട് പറഞ്ഞിരുന്നെന്നും പോലീസിനോട് ഇവർ വെളിപ്പെടുത്തി. ഇതോടെ യുവതിയുടെ വീട്ടുകാർ പ്രതിക്കൂട്ടിലായി.
ഒടുവിൽ വരനും കൂട്ടർക്കും നഷ്ടപരിഹാരം നൽകാമെന്നു പറഞ്ഞ് ഇവർ തലയൂരി. യുവാവിന്റെ ബന്ധുക്കൾ വഞ്ചനാക്കുറ്റം ആരോപിച്ച് കേസും കൊടുത്തു. സംഭവത്തിൽ ക്ലൈമാക്സാണ് കഥയിലെ ട്വിസ്റ്റ്. വീട്ടിലെത്തി ഏതാനും ദിവസത്തിനുള്ളിൽ പ്രണയിച്ചിരുന്ന യുവാവിനോടൊപ്പം പെണ്‍കുട്ടി ഇറങ്ങിപ്പോകുകയും ചെയ്തു. ഏതായാലും പള്ളിയിലെ നാടകീയ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപാകമായി പ്രചരിക്കുകയാണ്.