കൊല്ലം: വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങളുമായി പിറകെ നടന്ന് വനിതാ ജീവനക്കാരിയെ മാനസികമായി പീഡിപ്പിക്കുന്ന പൗരാവകാശ സമിതി ഭാരവാഹിയെക്കുറിച്ച് വനിതാ കമ്മീഷൻ അന്വേഷിക്കും. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ഫയലിൽ രേഖകൾ ശരിയായി നൽകാൻ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യമാണ് തന്റെ പിറകെ നിരന്തരം വിവരാവകാശവുമായി നടക്കുന്നതിന് കാരണമെന്ന് ജീവനക്കാരി പറഞ്ഞു.
സ്ഥലംമാറ്റം വാങ്ങി ഓഫീസുകൾ മാറിയിട്ടും പൗരാവകാശ ഭാരവാഹി വിടുന്നില്ല. കെട്ടിടവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയതിന് പോലീസ് കേസെടുത്തിരുന്നു. എന്നാൽ തുടർനടപടിയുണ്ടായില്ല.
ഈ സാഹചര്യം മുതലാക്കിയാണ് ജോലിയും ജീവിതവും തടസപെടുത്തുന്ന വിവരാവകാശ പ്രവണത ആരംഭിച്ചത്. ദുരുദേശത്തോടെയുള്ള വിവരാവകാശ ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടുത്തണമെന്ന് ജീവനക്കാരി ഇന്നലെ കൊല്ലത്ത് നടന്ന അദാലത്തിൽ ആവശ്യപ്പെട്ടു. കമ്മീഷൻ അംഗങ്ങളായ എം.എസ്. താര, ഷാഹിദാ കമാൽ എന്നിവരാണ് അദാലത്തിന് നേതൃത്വം നൽകിയത്.
വൈരാഗ്യത്തിന് കാരണമായ സംഭവത്തിലെ പോലീസ് റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും വിവരാവകാശ നിയമം ദുരുപയോഗിക്കുന്നതിനെതിരെ നിയമത്തിന്റെ പരിധിയിൽനിന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പരാതിക്കാരിക്ക് കമ്മീഷൻ ഉറപ്പുനൽകി.
പത്ത് വർഷം സ്വകാര്യ എഞ്ചിനീയറിംഗ് കോളജിൽ ജോലിയെടുത്ത ശേഷം ഒരാനുകൂല്യവും നൽകാതെ പിരിച്ചുവിട്ടുവെന്നും ലേബർ വകുപ്പിന്റെ നിർദേശം മാനേജ്മെന്റ് പാലിച്ചില്ലെന്നുമുള്ള വനിതാ ജീവനക്കാരിയുടെ പരാതിയും ഇന്നലെ കമ്മീഷന് മുന്നിലെത്തി. എതിർകക്ഷകളുടെ വിശദീകരണം കൂടി കേട്ട ശേഷം ഈ കേസിൽ തീരുമാനം കൈക്കൊള്ളും.
മക്കൾ തമ്മിലെ പിണക്കം കാരണം മാതാവിനെ അനാഥമാക്കിയ കേസും അദാലത്തിൽ പരിഗണനക്ക് വന്നു. ഇളയ മകന് എഴുതിവെച്ച കുടുംബ വീട്ടിൽ അമ്മ താമസിക്കണമെന്നും ഇളയമകൻ സംരക്ഷണം നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. സഹോദരിയോടൊപ്പം താമസിച്ച വൃദ്ധയെ ഇതേതുടർന്ന് ഇളയമകൻ കൂട്ടിക്കൊണ്ട ുപോയി.
ഇന്നലെ പരിഗണിച്ച 112 കേസിൽ 20 കേസുകൾക്ക് തീർപ്പുകൽപ്പിച്ചു. 33 കേസുകളിൽ ഇരുകക്ഷികളും ഹാജരായില്ല. ഇതുൾപ്പെടെ 83 കേസുകൾ അടുത്ത അദാലത്തിൽ വീണ്ട ും പരിഗണിക്കും. രണ്ട ് കേസുകൾ ഫുൾ കമ്മീഷന് വിട്ടു. ഏഴ് കേസുകളിൽ വിവിധ വകുപ്പുകളുടെയും പോലീസിന്റെയും റിപ്പോർട്ട് തേടി.