മാനന്തവാടി: പിതാവിനെ തലയ്ക്കടിച്ച് കൊന്ന് നിർമാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളായ മകനെയും സുഹൃത്തിനെയും റിമാൻഡ് ചെയ്തു. തോണിച്ചാൽ പൈങ്ങാട്ടിരിയിൽ താമസിക്കുന്ന തമിഴ്നാട് ഉസലാംപെട്ടി സ്വദേശിയും കൊല്ലപ്പെട്ട ആശൈ കണ്ണന്റെ മകനുമായ അരുണ്‍ പാണ്ടി (22), സുഹൃത്ത് തിരുനെൽവേലി സ്വദേശി അർജുൻ (22) എന്നിവരെയാണ് മാനന്തവാടി കോടതി റിമാൻഡ് ചെയ്തത്.
പ്രതികളെ പൈങ്ങാട്ടിരിയിലെ വീട്ടിലെത്തിച്ച് തലയ്ക്ക് ഇടിച്ചചെങ്കല്ലുകൾ കണ്ടെടുത്തു. തുടർന്ന് പാണ്ടിക്കടവിലെ ഗുജറിയിൽ കുഴി നിർമിക്കാൻ ഉപയോഗിച്ച കന്പിപ്പാരയും തൂന്പയും കൃത്യം നടത്തിയതിന് ശേഷം കുളിച്ച പുഴക്കടവിൽ നിന്നും വസ്ത്രങ്ങളും കണ്ടെടുത്തു. ഇതിന് ശേഷം ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് കോടതിയിൽ ഹാജരാക്കിയത്.
കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പോലീസ് പറഞ്ഞു. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യ പോലീസ് ഇൻസ്പെക്ടർ പി.കെ. മണി, എസ്ഐ എൻ.എം. ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
മാതാവിനെയും തന്നെയും ചേർത്ത് അപവാദ പ്രചാരണം നടത്തിയതിന്റെ വൈരാഗ്യത്തിലാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് അരുണ്‍ പാണ്ടി പോലീസിന് മൊഴി നൽകിയിരുന്നു. സെപ്റ്റംബർ 29ന് രാത്രി കൊലപ്പെട്ട ആശൈ കണ്ണന്റെ മൃതദേഹം ഈ മാസം 15നാണ് കണ്ടെത്തിയത്.