കോട്ടയം: മാനത്തൂർ അപകടത്തിൽ മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. രാവിലെ രാമപുരം സിഐ സജി ജോർജിന്റെ നേതൃത്വത്തിൽ അഞ്ച് എസ്ഐമാരാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പാലാ തഹസിൽദാർ മധുസൂദനന്റെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ നടത്തിയത്.
രാമപുരം, മരങ്ങാട്ടുപിള്ളി, കിടങ്ങൂർ, പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളിലെ എസ്ഐമാരാണ് ഇൻക്വസ്റ്റ് നടത്തിയത്. അഞ്ചു മൃതദേഹങ്ങളും ഒരേ സമയം ഇൻക്വസ്റ്റ് നടത്തി. മാനത്തൂരിൽ നിന്ന് ജനപ്രതിനിധികൾ അടക്കം വൻ ജനാവലി മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ട്.മൃതദേഹങ്ങൾ വിലാപയാത്രയായാണ് കൊണ്ടുപോകുന്നത്.
മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കടനാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ പൊതു ദർശനത്തിന് വയ്ക്കും. പ്രമോദിന്റെ സംസ്കാരം ഇന്ന് 2.30നും വിഷ്ണുരാജിന്റെ സംസ്കാരം മൂന്നിനും ഉല്ലാസിന്റെ സംസ്കാരം 3.30നും വീട്ടുവളപ്പിൽ നടക്കും. സുധി ജോർജിന്റെ സംസ്കാരം ഇന്ന് 3.30ന് മാനത്തൂർ സെന്റ്മേരീസ് പള്ളിയിൽ നടക്കും. ജോബിൻസിന്റെ സംസ്കാരം നാളെ രണ്ടിന് രാമപുരം ഫൊറോന പള്ളിയിൽ നടക്കും.
പാലാ – തൊടുപുഴ റോഡിൽ മാനത്തൂർ പളളിക്കു സമീപം ഇന്നലെ വൈകുന്നേരം 6.15നാണ് അപകടമുണ്ടായത്. കടനാട് സ്വദേശികളായ കൈതോലിൽ നടുവിലേക്കുറ്റ്് ജോബിൻസ് കെ. ജോർജ് (27), കിഴക്കേകര വിഷ്ണു രാജ് (അപ്പൂസ് – 28), ഇരുവേലിക്കുന്നേൽ പ്രമോദ് സോമൻ (28) അറയ്ക്കപ്പറന്പിൽ സുതി ജോർജ് (29), മലേപ്പറന്പിൽ എം.ടി. ഉല്ലാസ് (38) എന്നിവരാണ് മരിച്ചത്. അന്തീനാട് മലയിൽ പ്രഭാതി (28) നെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചിക്തയിലാണ്.
തൊടുപുഴ ഭാഗത്തു നിന്നും എത്തിയ റിറ്റ്സ് കാർ നിയന്ത്രണം വിട്ടു മാനത്തൂർ പള്ളിക്കു സമീപമുള്ള പ്ലാക്കണ്ണിക്കൽ തോമസിന്റെ വീടിന്റെ മതിലിൽ ഇടിച്ചതിനുശേഷം വീടിനോടു ചേർന്നുള്ള കശുമാവിന്റെ മുകളിലൂടെ തൊട്ടടുത്തുള്ള മൂല്ലൂർ ജോണിന്റെ വീട്ടിലേക്കു പാഞ്ഞു കയറി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന നാലു പേർ റോഡിലേക്കു തെറിച്ചു വീണു.
കാറിലുണ്ടായിരുന്ന രണ്ടു പേരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇതിനിടിയിൽ കാറിനു ചെറിയ തോതിൽ തീപിടിക്കുകയും നാട്ടുകാർ അണയ്ക്കുകയും ചെയ്തു. ഒരാളുടെ കാൽപാദം അറ്റു റോഡിലേക്ക് തെറിച്ചുപോയി.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ റോഡിൽ തെറിച്ചുവീണ നാലുപേരെയും കാർ വെട്ടിപ്പൊളിച്ചെടുത്ത രണ്ടുപേരെയും അശുപത്രിയിലെത്തിക്കുകയായിരുന്നു.
ജോബിൻസും വിഷ്ണുരാജും പ്രമോദും അപകട സ്ഥലത്തു തന്നെയും സുധിയും ഉല്ലാസും മെഡിക്കൽ കോളജിലേക്കുള്ള യാത്രമാധ്യേയുമാണ് മരിച്ചത്. കാർ 12 അടി ഉയരത്തിൽ പൊങ്ങി മറിഞ്ഞതായി നാട്ടുകാർ പറഞ്ഞു. അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാർക്ക് സ്വന്തം നാട്ടുകാരാണ് അപകടത്തിൽപെട്ടതെന്ന് തിരിച്ചറിയാൻ ആദ്യം സാധിച്ചില്ല.
രാമപുരം വെള്ളിലാപ്പള്ളിയിൽ താമസിക്കുന്ന ജോബിൻസ് ചെരുപ്പിന്റെ മൊത്ത വ്യാപാരിയാണ്. വിഷ്ണു രാജ് പാലാ ചെത്തിമറ്റത്ത് ജിമ്മിലെ ഫിറ്റ്നസ് ഉപകരണങ്ങളുടെ സർവീസ് സെന്റർ നടത്തിവരികയാണ്. പ്രമോദ് മേസ്തിരി പണിക്കാരനാണ്, ഉല്ലാസും സുതിയും ടാക്സി ഡ്രൈവർമാരാണ്.