സാധാരണ പോലുള്ള ഞായറാഴ്ച. മാനത്തൂരുകാർക്ക് ഇന്നലെ അങ്ങനെയായിരുന്നു. അവധി ദിവസമായതിനാൽ കടകൾ അധികം തുറന്നിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർക്ക് സ്വീകരണമൊന്നുമില്ലാത്തതിനാൽ മാനത്തൂർ പള്ളി- സ്കൂൾ ജംഗ്ഷനുകളിൽ ആളുകൾ നന്നെ കുറവ്. വൈകുന്നേരം 6.20 ഒാടെ പക്ഷെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. സംസ്ഥാനത്ത് ഇന്നലെയുണ്ടായ ഏറ്റവും വലിയ വാഹനാപകടത്തിന് സാക്ഷികളാവുകയായിരുന്നു നാട്ടുകാർ.
പള്ളി ജംഗ്ഷനിൽ നിന്ന് സ്കൂൾ ജംഗ്ഷനിലേക്ക് യാദൃച്ഛികമായി നോക്കിയവരെല്ലാം നാടിനെ നടുക്കിയ ആ ദുരന്തത്തിന് സാക്ഷികളായി. റോഡിലെ നിയന്ത്രണം വിട്ട് വളഞ്ഞുപുളഞ്ഞ് വരുന്ന കാർ. ഒരു ഘട്ടത്തിൽ നിയന്ത്രണത്തിലായെന്ന് തോന്നിയ കാർ നിമിഷ നേരം കൊണ്ട് റോഡ് വക്കിലുള്ള വീടിന്റെ മതിലിൽ ഇടിച്ചു. ഉയർന്നു പൊങ്ങിയ കാർ ചെറിയ കശുമാവിൻ മരവും ബദാം മരവും ഒടിച്ച് അടുത്തുള്ള കടയിലേക്ക്. അവിടെനിന്ന് തെറിച്ച് റോഡിൽ. ഒരു നിമിഷം കൊണ്ട് എല്ലാം തീർന്നു.
അപകടത്തിന്റെ ശബ്ദം കേട്ട് കടയിലുണ്ടായിരുന്നവരും സമീപത്തെ വീട്ടിൽ നിന്ന് ഒാടിയെത്തിയവരും ഒരു നിമിഷം സ്തബ്ധരായി. ഭീകര ദൃശ്യം കണ്ട് ചിലർ പിന്തിരിഞ്ഞോടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന പ്രാദേശിക നേതാക്കൾ പാഞ്ഞെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ജംഗ്ഷനിലുണ്ടായിരുന്ന സഹോദരൻ വിളിച്ച് അറിയിച്ചതിനെത്തുടർന്നാണ് ഞാൻ സംഭവസ്ഥലത്തേക്ക് എത്തുന്നത്. അപ്പോഴേക്കും രക്ഷപ്രവർത്തനം തുടങ്ങി.
സ്കൂട്ടർ ഒതുക്കിയ ശേഷം സ്ഥലത്തേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച മനസ് മരവിപ്പിക്കുന്നതായിരുന്നു. ഒരാൾ റോഡിന്റെ ഒരു വശത്ത് വീണു കിടക്കുന്നു. അയാളുടെ കാൽപാദം അറ്റ് അടുത്ത കിടക്കുന്നു. മറുവശത്ത് കാർ. കാറിന്റെ ചുവട്ടിലും രണ്ടു പേർ കിടപ്പുണ്ട്. ആർക്കും അനക്കമില്ല. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് തെറിച്ചു വീണതാണ്.
ജീവന്റെ തുടിപ്പ് അവശേഷിക്കുന്നവരെ കാറ് വെട്ടിപ്പൊളിച്ച് നാട്ടുകാർ ചേർന്ന് പുറത്തെടുക്കുകയാണ്. റോഡിലൂടെ വന്ന വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് ഒാരോരുത്തരെയായി മാറ്റുന്നു. കൺമുൻപിൽ കണ്ട ഭീകര ദൃശ്യത്തിന്റെ ആഘാതത്തിൽ ചിലർക്ക് വാഹനമെടുക്കാൻ കഴിയാത്ത അവസ്ഥ.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർ ദേഹമാസകലം ചോരയിൽ കുളിച്ച് നിൽക്കുകയാണ്. അപകടത്തിൽപ്പെട്ടത് ആരാണെന്ന് ഒരു നിശ്ചയവുമില്ല. രക്തത്തിൽകുളിച്ചു കിടക്കുന്നവരിൽ സ്വന്തം നാട്ടുകാരനുണ്ടെന്ന് പോലും മനസിലായത് വൈകിയാണ്. രക്ഷാപ്രവർത്തനത്തിനെത്തിയ പോലീസുകാരുടെ അടുത്ത് നിന്ന് വിവരങ്ങൾഅറിയാനായി നാട്ടുകാരുടെ പിന്നീടുള്ള ശ്രമം.
തങ്ങൾ വാഹനത്തിൽ കയറ്റി വിട്ടവരുടെ മരണവാർത്തകൾ ഒാരോന്നായി കേട്ടുനിൽക്കാനെ നാട്ടുകാർക്കായൊള്ളു. മാനത്തൂരും അന്തീനാട്ടിലും കടനാട്ടിലുമുണ്ടായിരുന്നവരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് അപ്പോഴാണ് നാട്ടുകാർക്കു പോലും മനസിലായത്. അപകട വിവരമറിഞ്ഞ് സമീപ പ്രദേശങ്ങളിലുണ്ടായിരുന്നവർ മാനത്തൂരിലേക്ക് ഒഴുകി.
രാത്രി വൈകി പിരിഞ്ഞു പോകുന്പോൾ നാട്ടുകാർ അടക്കം പറഞ്ഞത് ഇത്രമാത്രം- ആ കുടുംബങ്ങൾക്ക് പോയി. ഒരു നിമിഷം കൊണ്ട് നഷ്ടമായത് അഞ്ചുകുടുംബങ്ങളുടെ ആശ്രയങ്ങൾ… ഒരു പറ്റം സുഹൃത്തുക്കൾ…