കോട്ടയം: മാനത്തൂരിലും പരിസര പ്രദേശങ്ങളിലും നാട്ടുകാരുടെ ഉറക്കം കെടുത്തി കളളൻമാർ വിഹരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാനത്തൂരിലുള്ള നിരവധി വീടുകളിലാണു മോഷണ ശ്രമമുണ്ടായത്. മാനത്തൂർ കാരിപ്പുറം വീട്ടിൽ നിന്നും അഞ്ചു പവനാണു മോഷണം പോയത്. രാത്രിയിൽ 12നും പുലർച്ചെ മൂന്നിനുമിടയിലാണു മിക്ക ദിവസങ്ങളിലും കള്ളന്റെ ശല്യമുണ്ടാകു ന്നത്.
വീടുകളിലെ ജനൽ അതിവിദഗ്ധമായി തുറന്നശേഷം കതകിന്റെ കുറ്റിയെടുത്താണു മോഷ്്ടാക്കൾ വീടുകളിൽ കയറുന്നത്. കാരിപ്പുറം വീട്ടിലും മോഷണം നടന്നതു ഇതേ രീതിയിലാണ്. മറ്റൊരു വീട്ടിൽ ഇതേ രീതിയിൽ ജനൽ തുറന്നപ്പോഴേക്കും വീട്ടുകാർ ഉണർന്നു ലൈറ്റിട്ടു. ഇതോടെ ജനലിന്റെ സൈഡിൽ നിന്നും ഒരാൾ ഓടിമറയുന്നതു കണ്ടിരുന്നു. അടച്ചു കുറ്റിയിട്ടിരിക്കുന്ന ജനലുകൾ എങ്ങനെയാണു മോഷ്്ടാക്കൾ തുറക്കുന്നതെന്ന കാര്യം വ്യക്തമല്ല.
സംഭവം സംബന്ധിച്ചു രാമപുരം പോലീസിൽ പരാതി നല്കിയിട്ടുണ്ട്. ഏതാനും നാളുകൾക്കു മുന്പു മാനത്തൂരിലും സമീപ പ്രദേശങ്ങളിലും ജനലിലൂടെ കന്പ് ഉപയോഗിച്ചു തൂക്കിയിട്ടിരിക്കുന്ന ആളുകളുടെ വസ്ത്രങ്ങളുടെ പോക്കറ്റിൽ നിന്നു പണവും പഴ്സും മേശപ്പുറത്ത് നിന്നും വാച്ചും സ്വർണമാല അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങളും മോഷ്്ടിക്കുന്ന സംഭവമുണ്ടായിട്ടുണ്ട്.
ഇതേ സംഘം തന്നെയാണോ ഇപ്പോഴത്തെ മോഷണത്തിനും മോഷണ ശ്രമങ്ങൾക്കും പിന്നില്ലെന്നും നാട്ടുകാർ സംശയിക്കുന്നുണ്ട. നിരവധി വീടുകളിൽ മോഷണ ശ്രമങ്ങളുണ്ടായതോടെ നാട്ടുകാർ ഭീതിയിലാണ്. മോഷണ ശ്രമങ്ങൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ രാമപുരം പോലീസ് രാത്രികാലങ്ങളിൽ പ്രദേശത്ത് പട്രോളിംഗ് നടത്തണമെന്ന നാട്ടുകാർ ആവശ്യപ്പെട്ടു.