തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് സംഭവം. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കാണ് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ധനു. റീൽസ് എടുക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
പൂജപ്പുര സ്വദേശി ഷെമീറാണ് ധനു കൃഷ്ണയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഷമീറിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയും മ്യൂസിയം പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടു. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് ആരോപിക്കുന്നു.
നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് മാനവീയം വീഥിയിൽ 12 മണിക്ക് ശേഷം ആളുകൾ തുടരുന്നതിന് അനുവാദമുണ്ടായിരുന്നില്ല. രാത്രി 12 മണിക്ക് ശേഷം എല്ലാവരും ഈ മേഖലയിൽ നിന്ന് പിരിഞ്ഞ് പോകണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അതിന് തയാറാകാതെ ഇവിടെ യുവാക്കൾ തുടരുന്നതാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കു കാരണം. സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണ് സംഘങ്ങൾ ഒത്തുചേരുന്നതെന്നാണ് വിവരം.