വൈപ്പിന്‍: കൊച്ചി പുതുവൈപ്പ് സ്വദേശിയായ യുവാവ് ഒമാനില്‍ ജോലി വാഗ്ദാനം ചെയ്ത് ജില്ലക്കകത്തും പുറത്തുനിന്നുമായി നിരവധിപേരുടെ പക്കല്‍നിന്നും പണം തട്ടിയ സംഭവത്തില്‍ ഞാറക്കല്‍, മുനമ്പം, വരാപ്പുഴ പോലീസ് സ്റ്റേഷനുകളിലായി 38ഓളം പരാതികള്‍ ലഭിച്ചതായി വിവിധ സ്റ്റേഷനുകളിലെ പോലീസ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഞാറക്കലില്‍ 25, വരാപ്പുഴയില്‍ ഒൻപതും മുനമ്പത്ത് നാലും പരാതികളാണ് ലഭിച്ചത്. ഇതുകൂടാതെ ഇടുക്കിയുള്‍പ്പടെ മറ്റു പല ജില്ലകളിലും തട്ടിപ്പിനിരയായവര്‍ ഉണ്ടെന്നും പോലീസ് സൂചന നല്കുന്നു.
ഞാറക്കല്‍ സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പ്രതിയായ പുതുവൈപ്പ് പരുത്തിക്കടവ് അറക്കല്‍ മജീഷ് -30 നെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ ഇപ്പോള്‍ റിമാൻഡിലാണ്. കാക്കനാട് താമസിക്കുന്ന മലപ്പുറം സ്വദേശിയായ ഷംസുദ്ദീന് പറഞ്ഞിട്ടാണ് റിക്രൂട്ട്മെന്റ് നടത്തിയതെന്നാണ് അറസ്റ്റിലായ മജീഷ് പോലീസിനോട് പറഞ്ഞിട്ടുള്ളത്.
എന്നാല്‍ മജീഷിന് തട്ടിപ്പിനിരയായവര്‍ അയച്ചുകൊടുത്ത പണം ഏത് അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.
മാത്രമല്ല ഷംസുദ്ദീനെ പോലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ വിദേശത്താണെന്നാണ് സൂചന.
നേരത്തെ വിദേശത്തായിരുന്ന മജീഷ് കുറെ നാളായി നാട്ടില്‍ മത്സ്യബന്ധനവുമായും മറ്റും കഴിച്ചുകൂട്ടുകയായിരുന്നു.
ഇതിനിടെ ഒമാനില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് ആളെ ആവശ്യമുണ്ടെന്നും 40000 രൂപ ശമ്പളം ലഭിക്കുമെന്നും പറഞ്ഞ് ഇയാള്‍ സമൂഹമാധ്യമത്തിലൂടെ ഇയാള്‍ അറിയിപ്പു നല്‍കുകയായിരുന്നു.
ഭക്ഷണവും താമസവും വിസയും വിമാനടിക്കറ്റും സൗജന്യമാണെന്നും 12500 രൂപ മാത്രം നല്കിയാല് മതിയെന്നും ഈ തുക പിന്നീട് തിരികെ നല്‍കുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. താല്പര്യമുള്ളവര്ക്ക് വിളിക്കാനുള്ള നമ്പര്‍ സഹിതമാണ് അറിയിപ്പ് ഇട്ടിരുന്നത്.
ആളെ പിടിക്കാനായി പിന്നീട് ഒരു വാട്സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചു. ഇതുകണ്ട് പലരും ഇയാളെ വിളിച്ച് കാര്യമന്വേഷിക്കുകയും പണം നല്‍കുയും ചെയ്തു.
ജില്ലയ്ക്ക് അകത്തും പുറത്തും നിന്നായി 750 ഓളം പേര് പണം നല്കി വഞ്ചിതരായിട്ടുണ്ടെന്നാണ് സൂചന. എത്ര രൂപയെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ല.
2022 ഫെബ്രുവരിയിലാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. 12500 രൂപ കൊടുത്തവരോട് വീണ്ടും 15000 രൂപയും വാങ്ങി. ഇതിനിടെ 20 ഓളം പേരെ വിദേശത്തേക്ക് കൊണ്ടുപോയതായി മജീഷ് പോലീന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
രണ്ട് മാസം കഴിഞ്ഞിട്ടും വിസവരാതിരുന്നതോടെ പണം കൊടുത്തവര്‍ വീണ്ടും മജീഷിനെ ബന്ധപ്പെട്ടപ്പോള്‍ വിമാനടിക്കറ്റിനായി 15000 രൂപ നല്‍കണമെന്നായി.
എന്നാല്‍ ടിക്കറ്റ് ചാര്‍ജായി 15000 വീണ്ടും കൊടുത്തവര്‍ക്കും വിദേശത്തേക്ക് പോകാന്‍ കഴിയാതെ വന്നപ്പോഴാണ് വഞ്ചിതരായവര്‍ പോലീസിനെ സമീപിച്ചത്.
തുടര്‍ന്ന് ഞാറക്കല്‍ സിഐ രാജന് കെ. അരമന, എസ്ഐ എ.കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.