മകനെ രക്ഷിക്കാൻ ശ്രമിച്ച 38 കാരനെ ഇഷ്ടികകൊണ്ട് അടിച്ച് കൊന്നു. ഡൽഹിയിലെ ഓഖ്ല ഫേസ് രണ്ടിലെ സഞ്ജയ് കോളനി ഏരിയയിലാണ് സംഭവം. കൊല്ലപ്പെട്ട മുഹമ്മദ് ഹനീഫ് ചുമട്ടുതൊഴിലാളിയായിരുന്നു. ഇയാളുടെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കൾക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11:00 മണിയോടെ ഹനീഫിന്റെ 14 വയസ്സുള്ള മകൻ തെരുവിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കാൻ പുറത്തേക്ക് പോയിരുന്നു. നാലോ അഞ്ചോ ആൺകുട്ടികൾ അടങ്ങുന്ന ഒരു സംഘം മകന്റെ വഴി തടയുന്നത് അയാൾ കണ്ടു. തുടർന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ല. വാക്കുതർക്കം ഉടനടി സംഘർഷത്തിലേക്ക് നീങ്ങി.
ബഹളം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഹനീഫ് പുറത്തേക്ക് ഓടി. തന്റെ മകനെ സംഘം ആക്രമിക്കുന്നത് കണ്ട ഹനീഫ് സഹായിക്കാൻ ശ്രമിച്ചു. എന്നാൽ, അക്രമികൾ ഇയാൾക്ക് നേരെ തിരിയുകയും ഇഷ്ടികകൊണ്ട് മർദിക്കുകയും ചെയ്തു.
ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ എയിംസിന്റെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു, അവിടെവച്ച് മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.