പത്തനാപുരം: മീൻ പിടിത്തക്കാരുടെ ചൂണ്ടയിൽ കുടുങ്ങിയില്ലെങ്കിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നേനെ.
കഴിഞ്ഞ ഒന്നര ദിവസമായി കല്ലടയാറ്റിൽ തെരച്ചിൽ നടത്തിയ അപർണയുടെ മൃതദേഹം ആണ് ഞായറാഴ്ച രാവിലെ പത്തോടെ പട്ടാഴി പൂക്കുന്നിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കല്ലടയാറ്റിൽ നിന്ന് കണ്ടത്തിയത്.
മഴയെ തുടർന്ന് നല്ല ഒഴുക്കും വെള്ളവുമായതിനാൽ തെരച്ചിൽ ഏറെ ശ്രമകരമായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവറായ പന്തപ്ലാവ് ആലക്കോട് കിഴക്കേതിൽ സുകേഷ് കുമാറും സുഹൃത്തുക്കളായ പ്രദീപ്, വിഷ്ണു എന്നിവർ ചേർന്ന് ചൂണ്ടയിട്ട് മീൻപിടിച്ചു കൊണ്ടിരിക്കവെയാണ് ആറ്റിലൂടെ എന്തോ ഒഴുകി പോകുന്നത് കണ്ടത്.
ചൂണ്ട അവിടേയ്ക്ക് എറിഞ്ഞു. ചൂണ്ടയിൽ കുരുങ്ങിയപ്പോൾ മൃതദേഹമാണെന്ന് മനസിലായി.
തുടർന്ന് മൂവരും ചേർന്ന് കരയ്ക്ക് അടുപ്പിച്ച ശേഷം ആറ്റിൽ തെരച്ചിൽ നടത്തി കൊണ്ടിരുന്ന അഗ്നിശമന സേനയുടെ സ്കൂബാ ടീമിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് സംഘം മൃതദേഹം വാഹന സൗകര്യമുള്ള കടവിലേക് മാറ്റി.