കടുത്തുരുത്തി: മദ്യലഹരിയിലുണ്ടായ വാക്കു തർക്കത്തിനിടയിൽ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
ഞീഴൂർ മരങ്ങോലി പുളിക്കിയിൽ പി.കെ. പൈലി (58)യാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തിൽ മരങ്ങോലി നെല്ലിക്കുന്നേൽ ടോമി(50)യാണ് അറസ്റ്റിലായത്.
മറ്റൊരു പ്രതിക്കായി തിരച്ചിൽ തുടരുന്നു. ഈ മാസം 14ന് രാത്രി 9.30ന് മരങ്ങോലി കള്ളുഷാപ്പിനു മുൻവശത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
ടോമിയും പൈലിയും രമണൻ എന്നയാളും തമ്മിലാണ് വാക്കുതർക്കമുണ്ടായത്. ഇതിനിടയിൽ ടോമി തള്ളിയപ്പോൾ പൈലി തലയടിച്ചു വീഴുകയായിരുന്നു.
ബോധരഹിതനായി വീണു കിടന്ന പൈലിയെ ഉപേക്ഷിച്ച് ഇരുവരും പോയി. രക്തം വാർന്ന് കിടന്ന പൈലിയെ സഹോദരങ്ങളും നാട്ടുകാരും ചേർന്നാണ് പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്.
തുടർന്നു ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 6.45 ന് മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: മോളി. മക്കൾ: പി.മെബീന, പി. മോബിൻ.
സംഭവത്തിൽ രമണൻ എന്നയാളെ പിടികൂടാനുണ്ടെന്നും ഇയാൾക്കായി അന്വേഷണം ഉൗർജിതമാക്കിയതായും കടുത്തുരുത്തി എസ്ഐ ബിബിൻ ചന്ദ്രൻ പറഞ്ഞു.