നാം ചെറുപ്പകാലം മുതല്‍ കേള്‍ക്കുന്ന ഒന്നാണല്ലൊ പ്രേതങ്ങള്‍ എന്നത്. പല മനുഷ്യരും പലതരം കഥകളും ഐതീഹ്യങ്ങളും പറഞ്ഞ് നമ്മളില്‍ ചില തോന്നലുകള്‍ അവശേഷിപ്പിച്ചിരിക്കുന്നു.
എന്നിരുന്നാലും പലരും തങ്ങളുടെ അനുഭവങ്ങളില്‍ വിശ്വസിച്ച് പ്രേതങ്ങള്‍ യഥാര്‍ഥ്യമെന്ന് വാദിക്കുന്നു.
ശരിയായ ഉത്തരം ആര്‍ക്കും ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത ഒന്നായി ഇപ്പോഴും അവശേഷിക്കുന്നു.
അടുത്തിടെ അര്‍ജന്റീനയിലെ ഒരു ആശുപത്രിയില്‍ സംഭവിച്ച കാര്യമാണ് പാരനോര്‍മല്‍ ആക്ടിവിറ്റി എന്നതിനെ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാക്കുന്നത്.
അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലുള്ള ഒരു ആശുപത്രിയിലെ കഴിഞ്ഞ ദിവസങ്ങളിലെ സിസിടിവി ദൃശ്യമാണ് ഇത്തരത്തിലൊരു ചര്‍ച്ചയ്ക്ക് ആധാരം.
കാമറയില്‍ അതിരാവിലെ മൂന്നുമണി നേരമാണ്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് വന്ന് തനിയെ സംസാരിക്കുകയാണ്. അയാള്‍ തന്റെ കൈയില്‍ കരുതിയിരുന്ന പേപ്പറില്‍ എന്തൊക്കെയോ എഴുതിയെടുക്കുന്നുണ്ട്.
ദൃശ്യങ്ങള്‍ പ്രകാരം ഇയാളുടെ അരികിലായി ആരും തന്നെയില്ല. സെക്യൂരിറ്റി മറ്റേയാള്‍ക്കായി വീല്‍ ചെയറും നല്‍കാനൊരുങ്ങുന്നു.
അല്പം സമയത്തിന് ശേഷം താന്‍ കടത്തിവിട്ട രോഗിയുടെ കാര്യം തിരക്കി സെക്യൂരിറ്റി വാര്‍ഡിലെത്തിയപ്പോഴാണ് സംഗതി ഏവരേയും ഞെട്ടിച്ചത്.
കാരണം അങ്ങനൊരാള് കയറി വന്നിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോഴാണ് സെക്യൂരിറ്റിക്ക് സമീപമായി ആരുമില്ലെന്ന സത്യം പുറത്തറിയുന്നത്. അതോടെ സര്‍വരും ഞെട്ടി.
തന്റെ അരികില്‍ എത്തിയത് അല്പം പ്രായമുള്ള സ്ത്രീ ആയിരുന്നെന്നും അവര്‍ മറന്നുവച്ചത് എടുക്കാനായാണ് എത്തിയതെന്നും പറഞ്ഞതായി സെക്യൂരിറ്റി പറഞ്ഞു.
അയാള്‍ പേപ്പറില്‍ എഴുതിയ പേര് പരിശോധിച്ചപ്പോഴാണ് ആശുപത്രിയിലുള്ള സകലരും ഞെട്ടിയത്. കാരണം മണിക്കൂറുകള്‍ക്ക് മുമ്പ് മരിച്ച ഒരു സ്ത്രീയുടെ കാര്യമായിരുന്നു സെക്യൂരിറ്റി പറഞ്ഞത്.
ഏതായാലും വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. സമൂഹ മാധ്യമങ്ങളിലടക്കം ഇത് വലിയ ചർച്ചയായി. പലരും തങ്ങളുടെ പ്രേതാനുഭവങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കാന്‍ കമന്റ് ബോക്സുകളില്‍ എത്തുകയുണ്ടായി.
എന്നാല്‍ ഈ സെക്യൂരിറ്റി ആളുകളെ വിഡ്ഢിയാക്കുകയാണെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ഇത് അയാളുടെ അഭിനയമാണെന്നും വിശദമായ അന്വേഷണമുണ്ടായാല്‍ ഇത്തരം പ്രാങ്കുകളിലെ സത്യം ബോധ്യമാകുമെന്നും അവര്‍ പറയുന്നു.
ഏതായാലും സാധാരണ ആളുകളെ ഈ സംഭവം ആശയക്കുഴപ്പത്തിലാക്കി എന്ന് നിസംശയം പറയാം.