കണ്ണൂര്‍: ദുബായിയിൽ അഞ്ചരക്കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയ കണ്ണൂർ സ്വദേശി നാട്ടിലേക്കെത്തിയത് എങ്ങനെയെന്ന കാര്യത്തിൽ ദുരൂഹത.
കണ്ണൂർ തളാപ്പ് സ്വദേശി ജുനൈദി (24)നെയാണ് ദുബായിയിലെ സ്ഥാപനത്തിൽ നിന്നും 27,51,000- ദിര്‍ഹം (ഏകദേശം അഞ്ചരക്കോടി രൂപ) വെട്ടിപ്പ് നടത്തിയതിന് കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ നാട്ടിലെത്തിയ ശേഷം കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അറസ്റ്റ് ചെയ്തത്.
2021 ഒക്ടോബര്‍ നാലിന് യുവാവ് ജോലി ചെയ്തിരുന്ന ഡിജിറ്റല്‍ അസെറ്റ് കൊമേഴ്ഷ്യല്‍ ബ്രോക്കര്‍ എൽസിസി കമ്പനിയില്‍ അടയ്ക്കേണ്ടിയിരുന്ന കലക്ഷൻ തുകയായ 27,51,000- ദിര്‍ഹം അടയ്ക്കാതെ ഒരു സുഹൃത്തിനൊപ്പം മുങ്ങിയെന്നാണ് ദുബായി പോലീസ് രജിസ്റ്റർ ചെയ്ത കേസ്.
പണം വെട്ടിപ്പ് നടന്ന ഉടൻ തന്നെ കന്പനി ദുബായി പോലീസിൽ പരാതി നൽകിയിരുന്നു.
ഈ പരാതി നില നിൽക്കെയാണ് യുവാവ് നാട്ടിലെത്തിയത്. സ്ഥാപനത്തിന്റെ പരാതി ദുബായി പോലീസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഇവിടുത്തെ വിമാനത്താവളം വഴി രാജ്യത്തിന്റെ പുറത്തേക്ക് കടക്കാൻ കഴിയില്ല.
അഥവാ വിമാനത്താവളം വഴി പുറത്തു പോയാലും ഇന്ത്യയിൽ എത്തിയാൽ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യപ്പെടേണ്ടതുമാണ്.
ഇതു മറികടക്കാൻ യുവാവ് വ്യാജപാസ്പോർട്ട് ഉപയോഗിച്ചായിരിക്കാം ദുബായി വിട്ടതെന്നാണ് കരുതുന്നത്.
അല്ലെങ്കിൽ കടൽ മാർഗം ഏതെങ്കിലും തരത്തിൽ ഇന്ത്യയിലേക്ക് തിരിച്ചതാകാനും സാധ്യതയുണ്ട്.ഇക്കാര്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.