മൈസൂരു: മൈസൂരുവിലെ ചാമുണ്ഡിക്കുന്നിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ക്രിമിനൽ സംഘം ഇത്തരത്തിൽ മുമ്പും പീഡനം നടത്തയിരുന്നതായി വെളിപ്പെടുത്തൽ.
ഇവർ അഞ്ച് പ്രണയ ജോഡികളെയെങ്കിലും ആക്രമിച്ച് യുവതികളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് ചോദ്യംചെയ്യലിൽ പോലീസിനു കിട്ടിയ വിവരം.
നഗരത്തിലെ സ്വകാര്യ കോളജിൽ എംബിഎയ്ക്കു പഠിക്കുന്ന ഇരുപത്തിരണ്ടുകാരിയാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 7.30 ഓടെ ചാമുണ്ഡി ഹില്ലിനടുത്ത് ലളിതാദ്രിപുരയിൽ കൂട്ടമാനഭംഗത്തിനിരയായത്.
പതിവായി മദ്യവും വാങ്ങി ചാമുണ്ഡി ഹിൽസ് മേഖലയിലേക്കു സംഘം എത്തുമായിരുന്നു. പ്രണയജോടികളെ ലക്ഷ്യമിട്ടാണ് ഇവർ പോയിരുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിലോ ചെരിവുകളിലോ എത്തുന്ന പ്രണയജോടികളെയാണ് ഇവർ നോട്ടമിട്ടിരുന്നത്.
ഒരു പെൺകുട്ടിയെ ലക്ഷ്യമിട്ടു കഴിഞ്ഞാൽ പണവും മറ്റും ആവശ്യപ്പെട്ടു സംഘം ഇവരെ സമീപിക്കും. പതുക്കെ ഇവരെ വളഞ്ഞുവച്ചു ശല്യം ചെയ്യാൻ തുടങ്ങും.
പെൺകുട്ടിയുടെ കൂടിയെത്തുന്ന യുവാവ് ഇതിനെ എതിർക്കുകയോ തടയുകയോ ചെയ്യും. ഇതോടെ അക്രമാസക്തരായി മാറുന്ന സംഘം യുവാവിനെ മർദിച്ച് അവശനാക്കും.
തുടർന്നു പെൺകുട്ടിയെ കടന്നുപിടിക്കും. കൂടെയെത്തുന്ന യുവാക്കളുടെ കൺമുന്നിൽ തന്നെയാണ് പെൺകുട്ടികൾ ഇങ്ങനെ അതിക്രമത്തിന് ഇരയായി മാറുന്നത്.
ക്രിമിനൽ സംഘത്തെ ഭയന്ന് ആരും ഈ പ്രദേശത്തേക്കുപോലും വരില്ല. പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം അവരുടെ കൈയിലുള്ള പണവും ആഭരണവുമൊക്കെ കൈവശപ്പെടുത്തിയിട്ടാണ് സംഘം പലപ്പോഴും കടന്നുകളയുക. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന ഭീഷണി വേറെയും.
പല പെൺകുട്ടികളെയും ഇതുപോലെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെങ്കിലും നാണക്കേടും ഭീതിയുംമൂലം ആരും ഇക്കാര്യം പുറത്തുപറയാത്തതാണു പ്രതികൾക്ക് ഇതുവരെ രക്ഷയായിരുന്നത്.
വീട്ടുകാരും മറ്റും അറിയാതെയാവും പല പ്രണയജോടികളും ഇവിടെ കറങ്ങാൻ എത്തുന്നത്. അതുമൂലമാണ് മോശം അനുഭവങ്ങൾ നേരിട്ടാലും കമിതാക്കൾ പുറത്തുപറയാത്തത്.
മൈസൂരു സംഭവത്തിലും എന്താണു സംഭവിച്ചതെന്ന് ആദ്യം കമിതാക്കൾ വെളിപ്പെടുത്തിയിരുന്നില്ല.
എന്നാൽ, പെൺകുട്ടിയുടെ ശാരീരിക സ്ഥിതിയിൽ സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ അറിയിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞതും സംഭവം വാർത്തയായതും.
തമിഴ്നാട് തിരിപ്പൂർ സ്വദേശികളായ ഭൂപതി (28), മുരുകേശൻ(22), അരവിന്ദ് (21), ജോസഫ് (28), പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരാണ് പിടിയിലായിട്ടുള്ളത്.
ഖണ്ഡിപ്പാളയ എപിഎംസി യാർഡിലെ തൊഴിലാളികളാണ് ഇവർ. പീഡനത്തിന് ഇരയായ പെൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
തമിഴ്നാട് സ്വദേശികളായ പ്രതികളെ അജ്ഞാത കേന്ദ്രത്തിൽ എസിപി ശശിധറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യുന്നത്.
പെൺകുട്ടിയെ കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിൽ മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.