മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നൽകി കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻകുതിപ്പ്.
സംസ്ഥാനത്തെ പത്ത് മന്ത്രിമാർക്കും 20 എംഎൽഎമാർക്കും ഉൾപ്പെടെ ഒന്പതിനായിരത്തിലേറെപ്പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മൂന്നാംതരംഗം പടിവാതിക്കലാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ മുന്നറിയിപ്പു നല്കി.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതിവേഗമാണു പടരുന്നതെന്നും നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത് ഇതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ചില സംസ്ഥാനങ്ങളിൽ രാത്രി കർഫ്യു ഉണ്ട്. വരുംദിവസങ്ങളിൽ ശക്തമായ നടപടികളുണ്ടാകും. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് മുംബൈയിലാണ്.
ഇന്നലെ 9,170 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു. മുംബൈയിൽ രോഗം സ്ഥിരീകരിക്കപ്പെട്ട 22,334 പേരിൽ പകുതിയും ഒമിക്രോൺ വകഭേദമാണെന്നും അജിത് പവാർ പറഞ്ഞു.
അതേസമയം, ലോക്ഡൗണിനെക്കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.
ആവശ്യമായ മെഡിക്കൽ ഓക്സിജന്റെ അളവ് 700 മെട്രിക് ടണ്ണിൽ കൂടിയാൽ സംസ്ഥാനം ലോക്ഡൗണിലേക്കു മാറുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
പുതിയ ലോക്ഡൗൺ സമാഗതമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഉടൻ തീരുമാനം പ്രഖ്യാപിക്കുമെന്നും ദുരന്തനിവാരണ മന്ത്രി വിജയ് വഡേത്തിവാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
മന്ത്രിമാരായ വർഷ ഗെയ്ക്വാദ്, യശോമതി ഠാക്കൂർ, കെ.സി. പദ്വി, ജിതേന്ദ്ര അഹ്വാദ്, ധനഞ്ജയ് മുണ്ടെ, ദിലീപ് വൽസെ പാട്ടീൽ എന്നിവർക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
എൻസിപി ലോക്സഭാംഗം സുപ്രിയ സുലെ(51), എംഎൽഎമാരായ രാധാകൃഷ്ണ വിഖെ പാട്ടീൽ, സാഗർ മേഘെ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.