മാന്നാർ: സ്റ്റാർ ടിവിയിൽ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അവതരിപ്പിച്ചിരുന്ന “കോൻ ബനേഗാ ക്രോർപതി’ മത്സരത്തിലേക്ക് ക്ഷണം കിട്ടിയ ആദ്യ മലയാളികളിൽ ഒരാളും മാന്നാറിലെ ആദ്യ പൊതുമേഖലാ ഗ്യാസ് ഏജൻസിയുടെ ഉടമയുമായ മാന്നാർ കുട്ടന്പേരൂർ ജയശ്രീയിൽ സഞ്ജയ് (59) യാത്രയായി.
കോൻ ബനേഗാ ക്രോർപതിയിൽ ഷാരൂഖിന് മുന്നിലെ ഹോട്ട് സീറ്റിൽ ഇരുന്നത് മുണ്ട് ഉടുത്തായിരുന്നു. ഒന്ന് അന്പരന്ന ഷാരൂഖ് ഖാനും മുണ്ടുടുത്തായിരുന്നു പിന്നീട് പരിപാടി അവതരിപ്പിച്ചത്.
ഷാരൂഖ് ഖാനെ മുണ്ടുടുക്കാൻ പഠിപ്പിച്ചത് സഞ്ജയ് ആയിരുന്നു. ദേശീയ മാധ്യമങ്ങളിൽ അത് വാർത്തയായിരുന്നു.
അന്ന് നല്ല വിജയം നേടിയ സഞ്ജയനെ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് കൊടുത്താണ് ഖാൻ യാത്രയാക്കിയത്.
മാന്നാറിലെ ആദ്യ ഗ്യാസ് ഏജൻസി ഇദ്ദേഹത്തിന്റേതായിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുന്പ് എംബിഎ ഉയർന്ന നിലയിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും പാസായ മാന്നാറിലെ ആദ്യ വ്യക്തിയായിരുന്ന സഞ്ജയ്.
പ്രായമേറിയ സമയത്ത് എൽഎൽബി എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്തെ ഒന്നാം റാങ്ക്. മികച്ചൊരു ക്രിക്കറ്റ് താരമായിരുന്ന ഇദ്ദേഹം ഒരു ഒന്നാം റാങ്ക് നേടിയപ്പോൾ മകനായ കരുണ് സഞ്ജയ് നേടിയത് രണ്ട് ഒന്നാം റാങ്കുകളായിരുന്നു. എൽഎൽബിക്കും
എൽഎൽഎമ്മിനുമായിരുന്നു അത്. ഇക്കണോമിക്സിൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടത്തിയ എൻട്രൻസിൽ മകൾ കാവ്യക്കായിരുന്നു ഒന്നാം റാങ്ക്.
അങ്ങനെ ഒരു വീട്ടിൽ നാല് ഒന്നാം റാങ്കുകൾ. പരേതരായ ലെഫ്.കേണൽ (റിട്ട) പി വി കെ പിള്ളയുടെയും റിട്ട. അധ്യാപിക സരോജനിയമ്മയുടെയും മകനാണ് ഇദ്ദേഹം. ഭാര്യ പരേതയായ ജയശ്രീ.