ഡൊമിനിക് ജോസഫ്
മാന്നാർ: രാജസ്ഥാനികളുടെ മൺപാത്ര കച്ചവടം പാതയോരങ്ങളിൽ സജീവം. രാജസ്ഥാൻ, കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വിവിധ സാധനങ്ങൾ വില്ക്കാനായി ഒരോ സീസണിലും എത്തുന്നത്.
ഇപ്പോൾ 200ഓളം രാജസ്ഥാനികൾ കുടുംബമായി കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. മൺപാത്ര കച്ചവടമായിട്ടാണ് ഇവർ ഇപ്പോൾ എത്തിയിരിക്കുന്നത്.
കർണാടകയിൽനിന്നു വയനാട് വഴി കേരളത്തിലെത്തി വിവിധ ജില്ലകൾ കടന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ ഒരു മാസമായി കച്ചവടം നടത്തിവരികയാണ്.
അന്പതുരൂപ ചട്ടി
മൺപാത്ര കച്ചവടവുമായി എത്തിയിരിക്കുന്ന രാജസ്ഥാനി കുടുംബങ്ങൾക്കു കടയും വീടുമെല്ലാം ബൊലേറോ പിക്ക്അപ് ആണ്. മണ്ണിൽ നിർമിച്ച ചായക്കപ്പുകളും കറിച്ചട്ടികളുമൊക്കെ വാഹനത്തിൽ നിറയെ ഉണ്ട്.
അമ്പതു രൂപ മാത്രം വിലവരുന്ന, ഇരുമ്പു ഫ്രെയിമുള്ള മൺചട്ടിക്കാണ് ആവശ്യക്കാർ ഏറെ. ചപ്പാത്തി, ദോശ, ഓംലെറ്റ് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാവുന്ന ചട്ടി വെറും 50 രൂപയ്ക്ക് എന്നു തമിഴിലുള്ള അനൗൺസ്മെന്റ് വാഹനത്തിലെ സ്പീക്കറിലൂടെ ഒഴുകിയെത്തുമ്പോൾ വാങ്ങാൻ തിരക്കേറും.200 രൂപ മുതൽ 600 വരെയുള്ള മോഡേൺ മൺപാത്രങ്ങളും ഇവരുടെ പക്കലുണ്ട്.
രണ്ടു തട്ട്
കഴിഞ്ഞദിവസം രണ്ടു വാഹനങ്ങളാണ് മാന്നാറിൽ എത്തിയത്. രണ്ടു നിലകളായി സജ്ജീകരിച്ചിരിക്കുന്ന വാഹനത്തിന്റെ മുകൾനില കിടന്നുറങ്ങാനും താഴെയുള്ളത് മൺപാത്രങ്ങൾ നിറയ്ക്കാനുമാണ്.
ഇതേപോലെ മുന്നൂറോളം വാഹനങ്ങളാണ് മൺപാത്ര കച്ചവടവുമായി രാജസ്ഥാനിൽനിന്നു വന്നിട്ടുള്ളതെന്നു രാജസ്ഥാനിലെ ഹിസമ്പൂർ വില്ലേജിൽനിന്നുമുള്ള സൊക്രാൻ ബാഗ്രിയ പറയുന്നു.
ഇദ്ദേഹത്തിന്റെ മകനും മരുമകളും കൊച്ചുമകനും ഉൾപ്പെടെയാണ് വാഹനത്തിൽ മൺപാത്ര കച്ചവടവുമായി എത്തിയിട്ടുള്ളത്.
ഗോതമ്പ് പൊടിക്കുന്ന മെഷീനിൽപെട്ടു മുട്ടിനു മുകൾവശം വച്ചു നഷ്ടപ്പെട്ട ഇടതുകൈയുമായിട്ടാണ് ഈ അമ്പത്തിയഞ്ചുകാരൻ മൺപാത്രക്കച്ചവടവുമായി ഊരുചുറ്റുന്നത്.
ബംഗളൂരുവിൽനിന്ന്
രാജസ്ഥാനിലെ ചമ്പൽ നദിക്കരയിലുള്ള കോട്ടയിൽനിന്നു മൺപാത്ര നിർമാണത്തിനാവശ്യമായ കളിമണ്ണ് ബംഗളൂരുവിൽ എത്തിച്ചു നിർമിക്കുന്ന മൺപാത്രങ്ങൾ അവിടെനിന്നു വാഹനങ്ങളിൽ കയറ്റി വിവിധയിടങ്ങളിലേക്കു കച്ചവടത്തിനായി കൊണ്ടുപോകുന്ന ഇവർ രാത്രികളിൽ വാഹനം പെട്രോൾ പമ്പുകളിൽ പാർക്ക് ചെയ്തു തമ്പടിക്കുകയാണ് പതിവ്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലൂടെ കേരളത്തിൽ എത്തിയ ഇവർ ഒരുമാസം മുമ്പാണ് നാട്ടിൽനിന്നു തിരിച്ചത്. ഈ രാജസ്ഥാനി കുടുംബങ്ങൾക്കു കേരളത്തെക്കുറിച്ചു പറയാനുള്ളത് നല്ലതു മാത്രം.