സ്വന്തം ലേഖകന്‍
കോഴിക്കോട്: കളിമണ്‍ പാത്ര നിര്‍മാണം കുലതൊഴിലാക്കിയവര്‍ കടുത്ത പ്രതിസന്ധിയില്‍ .അസംസ്കൃത വസ്തുക്കള്‍ കിട്ടാത്തതും സാധനങ്ങള്‍ വിറ്റു പോകാത്തതും ഇടനിലക്കാരുടെ ചൂഷണവുമെല്ലാമാണ് ഈ പ്രതിസന്ധികള്‍ക്ക് കാരണം. പലര്‍ക്കും ഇതിന്റെ കൂടെ മറ്റു ജോലികള്‍ ചെയ്താല്‍ മാത്രമെ കുടുംബം പോറ്റാന്‍ കഴിയുകയുള്ളു എന്ന അവസ്ഥായാണുള്ളത്. വര്‍ഷങ്ങളായി ഒരു കുലത്തൊഴില്‍ എന്ന രീതിയില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന മിക്ക കുടുംബങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്.
കളിമണ്‍ പാത്രങ്ങള്‍ക്ക് മുന്തിയ ഹോട്ടലുകളില്‍ പ്രിയം ഏറുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും വ്യവസായത്തെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതിനാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മറ്റു തൊഴില്‍തേടി പോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കളിമണ്‍പാത്രം നിര്‍മിക്കുന്നതിന് ആധുനിക യന്ത്രങ്ങള്‍ വരുന്നതും വിദഗ്ധരായ പ്രഫഷണലുകള്‍ അന്യ സംസ്ഥാനത്തു നിന്നും വ്യാവസായികമായി ഇടം പിടിച്ചതും ഇവിടത്തെ പരമ്പരാഗത മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
കളിമണ്‍ പാത്ര നിര്‍മാണം കുലതൊഴിലായി സ്വീകരിച്ചവരെല്ലാം പിന്തിരിഞ്ഞ സ്ഥിതിയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും പാത്രങ്ങളും ചട്ടികളും സാമഗ്രികളും യഥേഷ്ടം ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതും ഇവിടെയുള്ള കളിമണ്‍പാത്ര നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുന്നില്ല
കളിമണ്‍ പാത്രങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്തതല്ല മറിച്ച് ഈ മേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരാത്തതും മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയായത്തതും പ്രശ്നമാകുന്നു. പാത്രങ്ങള്‍ ഒരു കൂടയിലാക്കി തലയില്‍ വച്ചുകൊണ്ടു വീടുവീടാന്തിരം കയറിയിറങ്ങി വില്‍ക്കുകയാണ് പലരും ഇപ്പോഴും ചെയ്യുന്നത്. ചിലര്‍ റോഡ് സൈഡിലും വില്‍പ്പന നടത്തുന്നുണ്ട്. വീടുകളില്‍ കയറി ഇറങ്ങി വില്‍ക്കുന്നത് കുറച്ചു ബുദ്ധിമുട്ടാണെങ്കിലും പാത്രങ്ങള്‍ വിറ്റു പോകാനും പണം കൂടുതല്‍ കിട്ടാനും ഇതാണു എളുപ്പം.
വലിയ വ്യവയായത്തെ പോലെ ഇവര്‍ക്ക് മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുന്നില്ല. ഷോപ്പുകളില്‍ വില്ക്കുമ്പോള് ലാഭം കുറവാണ്. ഷോപ്പുടമകള്‍ വന്നു വില പേശി വാങ്ങി പോകുമ്പോള്‍ ചെറിയ തുക മാത്രമാണ് ലഭിക്കുക. മാര്‍ക്കറ്റ് ചെയ്തു കൃത്യമായ വിപണിയുണ്ടായാല് നല്ല കച്ചവടവും നല്ല വിലയും ലഭിക്കുമെങ്കിലും ഇവര്‍ക്ക് മാര്‍ക്കറ്റിംഗ് ചെയ്യാനുള്ള പ്രാപ്തിയില്ല. ഉല്പന്നങ്ങള് കൃത്യമായി മാര്‍ക്കറ്റ് ചെയ്യാനറിയാത്ത പലരും ഇടനിലക്കാരുടെ ചൂഷണങ്ങള്‍ക്കും ഇരയാകുന്നുണ്ട്.
ഇടനിലക്കാരുടെ ചൂഷണം
മണ് പാത്രങ്ങളും ചെറിയ കരകൗശല ഉല്പന്നങ്ങളും മറ്റും ഉണ്ടാക്കുന്നവര്‍ ഇപ്പോഴും ഇടനിലക്കാരുടെ ചൂഷണത്തിന് ഇരയാവുന്നുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇടനിലക്കാര്‍ വാങ്ങുന്ന സാധനങ്ങള്‍ ഇരട്ടി വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത്.തൊഴിലാളികള്‍ക്കു കിട്ടേണ്ട ലാഭം ഈ ഇടനിലക്കാരുടെ കൈകളിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഇടനിലക്കാര്‍ പലപ്പോഴും ഇവര്‍ നേരിട്ട് വില്‍ക്കുന്നത് മുടക്കുന്നുണ്ട്.ചില കടകളിലേക്ക് നേരിട്ട് സാധനങ്ങള്‍ എടുക്കില്ല. അവിടെ ഇടനിലക്കാര്‍ അദ്യമേ ചുവടുറപ്പിച്ചിട്ടുണ്ടാകും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് മണ്‍പാത്ര നിര്‍മാണക്കാരുടെ ആവശ്യം.
സാങ്കേതിക വിദ്യകള്‍
മണ് പാത്ര നിര്‍മാണ രംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ വന്നെങ്കിലും ഇതൊന്നും ഇവരുടെ കൈകളിലെത്തിയിട്ടില്ല. പരമ്പരാഗത രീതിയില്‍ തന്നെ വിറകും ചകിരിയും ഉപയോഗിച്ചാണ് ചൂള തയാറാക്കുന്നത്. ഇതുമൂലം മണ്‍പാത്രങ്ങള്‍ നിര്‍മാണത്തിനിടെ പൊട്ടിപ്പോകുന്ന അവസ്ഥയുണ്ടെന്നും ഇത് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു. ചൂളയില്വയ്ക്കുന്ന ഉല്പന്നങ്ങളില് നിന്നും ഈര്‍പ്പം പോയില്ലെങ്കില്‍ ചൂടാകുമ്പോള്‍ അത് പൊട്ടിപ്പോകും. പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചൂളകളില്‍ ഈര്‍പ്പം എത്രശതമാനമുണ്ടെന്നതുവരെ കൃത്യമായി അടയാളപ്പെടുത്തുന്ന സംവിധാനങ്ങളുണ്ട്.
നന്നായി ഡ്രൈ ആയശേഷം നല്ല ചൂട് നല്കുകയാണെങ്കില് ഉല്‍പ്പന്നങ്ങള്‍ പൊട്ടിപ്പോകില്ല. നിര്‍മാണത്തിനിടെ സാധനം പൊട്ടിപ്പോകുന്ന സ്ഥിതി വന്നാല്‍ അത് വലിയ നഷ്ടമുണ്ടാക്കും. ഇത്തരത്തില്‍ പൊട്ടിപ്പോകുന്ന ഉല്പന്നങ്ങള് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും തൊഴിലാളികള്‍ പറയുന്നു. വിറകിനു പകരം വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ചൂളയും വര്‍ഷങ്ങള്‍ക്കു മുമ്പേ വിദേശരാജ്യങ്ങളിലും ഇന്ത്യയില്‍ കേരളത്തിലൊഴികെ പല ഭാഗങ്ങളിലും ഉപയോഗിച്ചു വരുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതിന് വേണ്ട പ്രചാരം ലഭിച്ചിട്ടില്ല.
അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും ചിലവും
അസംസ്കൃത വസ്തുവായ കളിമണ്ണിന്റെ ലഭ്യത കുറവാണ് ഈ മേഖലയിലുള്ളവര്‍ നേരിടുന്ന മറ്റൊരു പ്രശ്നം. മുന്‍കാലങ്ങളില്‍ കൃഷി കഴിഞ്ഞശേഷമുള്ള ഇടവേളകളില്‍ വയലില്‍ കുഴികുത്തി കളിമണ്ണ് എടുത്താണ് അത് ഉപയോഗിച്ചാണ് നേരത്തെ മണ്‍പാത്രം നിര്‍മിച്ചിരുന്നത്. പരിസ്ഥിതിക്ക് ഒരുദോഷവും ചെയ്യാത്ത രീതിയിലായിരുന്നു ഇത്. പിന്നീട് കൂടുതലായി മണ്ണെടുക്കാന്‍ തുടങ്ങി. മണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ മറവില്‍ ഓട്, ഇഷ്ടിക നിര്‍മാതാക്കള്‍ യന്ത്രങ്ങളുടെ സഹായത്തോടെ വയലില്‍ നിന്നും വ്യാപകമായി കളിമണ്‍ എടുക്കാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ ഇടപെട്ട് മണ്ണെടുക്കുന്നത് തടയുകയായിരുന്നു. മണ്ണെടുക്കുന്നതിനു ജിയോളജിക്കല്‍ വകുപ്പിന്റെ നിയമപ്രശ്നങ്ങള്‍ മുഖ്യ വെല്ലുവിളിയാണ്.
മുമ്പ് ഭാരതപ്പുഴയുടെ വൃഷ്ടി പ്രദേശങ്ങളില്‍ നിന്നാണ് മണ്ണെടുത്തിരുന്നത്. എന്നാല്‍ ഇതിനു നിരോധനമുള്ളതും മണ്ണില്‍ അമിതമായി ചെളി കലര്‍ന്നതും പാത്രനിര്‍മാണത്തിന് ഉപയോഗിക്കാനാകാത്ത സാഹചര്യമുണ്ടാക്കി. ഇപ്പോള്‍ കളിമണ്ണ് കിട്ടാനില്ലാത്ത് സ്ഥിതിയാണ്. ഇനി കിട്ടുകയാണെങ്കില്‍ തന്നെ വലിയ വിലയാണ് താനും. നിലവില്‍ 15,000 മുതല്‍ 20,000 രൂപ വരെ നല്‍കിയാണ് ഈ രംഗത്തുള്ളവര്‍ ഒരു ലോഡ് കളിമണ്ണ് വാങ്ങുന്നത്.
നിലവില്‍ മറ്റു ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും മണ്ണുകൊണ്ടുവന്നാണ് പാത്രങ്ങള്‍ നിര്‍മിക്കുന്നത്. ഇനി എങ്ങനെയെങ്കിലും കളിമണ്ണ് കിട്ടിയാല്‍ തന്നെ ചുട്ടെടുക്കുമ്പോള്‍ ഉണ്ടാകുന്ന പുക പരിസര മലിനീകരണമുണ്ടാക്കുന്നു എന്നു പറഞ്ഞ് ആളുകള്‍ പ്രശ്നമുണ്ടാക്കുന്നു. കേരളത്തില്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ ഏറിയതോടെയാണ് പുക ഒരു പ്രശ്നമായി മാറിയതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.