മഞ്ചേരി: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ കര്‍ണാടകയില്‍നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ യാത്രക്കാരായ അഞ്ചു പേര് മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ ഇന്നു രാവിലെ റോഡ് ഉപരോധിച്ചു.
ഇവിടെ ഇടയ്ക്കിടെ സംഭവിക്കുന്ന റോഡപകടങ്ങള്‍ക്ക് കാരണം അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് ആരോപിച്ചായിരുന്നു രാവിലെ ഏഴിന് ഉപരോധം നടത്തിയത്.
തുടര്‍ന്ന് ഏറനാട് തഹസില്‍ദാര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്. ഒരു മണിക്കൂര്‍ നേരം ഉപരോധ സമരം നീണ്ടു നിന്നു.
പ്രദേശത്ത് തുടരെ തുടരെ വാഹന അപകടങ്ങള്‍ ഉണ്ടായതോടെ വിഷയം നാട്ടുകാര്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കുറ്റിപ്പുറം കെഎസ്ടിപിയാണ് റോഡ് നിര്‍മാണ ചുമതല വഹിക്കുന്നത്.
റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി കെഎസ്ടിപിക്ക് കഴിഞ്ഞ മേയ് മാസത്തില്‍ നിര്‍ദേശം നല്‍കിയതുമാണ്. മന്ത്രിയുടെ നിര്‍ദേശ പ്രകാരം കെഎസ്ടിപി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ചെട്ടിയങ്ങാടിയില്‍ നേരിട്ടെത്തി റോഡ് പരിശോധിക്കുകയും ചെയ്തിരുന്നു.
റോഡ് നിര്‍മാണ അഥോറിറ്റിയുടെ സേഫ്റ്റി കണ്‍സള്‍ട്ടന്റ്സ് നടത്തിയ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കഴിഞ്ഞ 24ന് കെഎസ്ടിപി എക്സിക്യൂട്ടീവ് എന്ജിനീയര്ക്കു കൈമാറിയിരുന്നു. മേയ് 30ന് വീണ്ടും പ്രദേശത്ത് അപകടമുണ്ടായി. പ്രഭാത നമസ്കാരം കഴിഞ്ഞ് മസ്ജിദില്‍ നിന്നു വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഗൃഹനാഥന് ബൈക്കിടിച്ച് മരിച്ചു.
ചെട്ടിയങ്ങാടിയില്‍ താമസിക്കുന്ന മഞ്ചേരി ചന്തക്കുന്ന് മച്ചിങ്ങല്‍ ഷൗക്കത്തലി (60)യായിരുന്നു മരിച്ചത്. ഇതോടെ പ്രദേശത്ത് വേഗത മുന്നറിയിപ്പ് നല്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച് കെഎസ്ടിപി തടിതപ്പി. പിന്നീട് നാളിതുവരെ ഒരു നടപടികളും ഉണ്ടായിട്ടില്ല.
റോഡില്‍ റംബിള്‍ സ്ട്രിപ്പ്, സീബ്രാ ലൈന്‍ തുടങ്ങിയുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നും അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്കിയിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല.
ഇനിയും നോക്കി നില്ക്കാനാവില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ഇതിന്റെ മുന്നോടിയായാണ് പ്രദേശത്തെ ജനങ്ങള്‍ ജാതി, മത, രാഷ്ട്രീയഭേദമെന്യെ ഇന്നു രാവിലെ ചെട്ടിയങ്ങാടിയില്‍ റോഡ് ഉപരോധിച്ചത്.